ലണ്ടന്‍: ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനെ ശക്തമായി അപലപിച്ച് ബ്രിട്ടന്‍. ഐക്യരാഷ്‌ട്രസഭാ സുരക്ഷാകൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ച ഉത്തരകൊറിയന്‍ നടപടി തീര്‍ത്തും അപലപനീയമാണെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
പ്രകോപനപരമായ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരകൊറിയ തയാറാകണമെന്നും ഉത്തരകൊറിയന്‍ നീക്കങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. 3,000 കി.മീ ഉയരത്തില്‍പറന്ന മിസൈല്‍ ജപ്പാന്‍ കടലിലാണ് പതിച്ചത്. ജൂലൈ ആദ്യവാരത്തില്‍ പരീക്ഷിച്ച മിസൈലിനേക്കാളും ഉയരത്തിലും ദൂരത്തിലും സഞ്ചരിക്കാന്‍ പുതിയ മിസൈലിനായെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു.
















