നെടുമ്പാശ്ശേരി: മെയ്ക്കാടുള്ള നെടുമ്പാശ്ശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയാണ് പോര്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ സി.വൈ. ശാബോറിനെ പ്രസിഡന്റാക്കണമെന്ന് എ’ വിഭാഗവും മുന്‍ പഞ്ചായത്തംഗം ‘ജിസ് തോമസിനെ’ പ്രസിഡന്റാക്കണമെന്ന് ‘ഐ’ വിഭാഗവും നിര്‍ദ്ദേശിച്ചു. ഇരുകൂട്ടരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനാകാതെ പിരിഞ്ഞു. ഇതോടെ ‘ഐ’ വിഭാഗത്തിന്റെ നോമിനി ജിസ് തോമസിനെ ഏകപക്ഷീയമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
12 അംഗ ഭരണസമിതിയില്‍ 7 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത് സി.വൈ.ശാബോര്‍ അടക്കം 5 പേര് യോഗം ബഹിഷ്കരിച്ചു. പി.പി.ജോണി, പി.പി.ജോസ്, ബിജി ഗോപി, രവീന്ദ്രന് നായര്‍ എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്ന മറ്റംഗങ്ങള്‍. സമവായം ഉണ്ടാക്കാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.
ഇരു ഭാഗത്തും 6 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും അവസാന നിമിഷം ‘ എ’ ഗ്രൂപ്പില്‍ നിന്നും ഒരംഗം ‘ ഐ’ ഗ്രൂപ്പില്‍ ചേര്‍ന്നതാണ് ‘ എ’ വിഭാഗത്തിന് തിരിച്ചടിയായത് പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ 12 ഓളം പേര് ഭാരവാഹിത്വം രാജിവച്ചതായികാട്ടി നേതൃത്വത്തിന് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: