കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തളളുന്നതിന് 7.56 കോടി രൂപ സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കുന്നതിന് ശുപാര്‍ശചെയ്യുമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനായുളള നിയമസഭാസമിതി ചെയര്‍പേഴ്സണ്‍ ഐഷാപോറ്റി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നിയമസഭാസമിതിയുടെ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഐഷാപോറ്റി എംഎല്‍എ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ കൂടുതലാളുകളെ ഉള്‍പ്പെടുത്തുന്നതിനും അര്‍ഹരായവര്‍ക്ക് നീതി നിഷേധിക്കാതിരിക്കുന്നതിനുമായി എന്‍ഡോസള്‍ഫാന്‍ വ്യോമമാര്‍ഗം തളിച്ചതുമൂലമുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച സമഗ്രമായ ശാസ്ത്രീയ പഠനം നടത്തുന്നതിനും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് ഭരണാനുമതി വേഗത്തിലാക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്തു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ പി ഐഷാപോറ്റി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി അബ്ദുള്‍ ഹമീദ്, പ്രൊഫ. എന്‍ ജയരാജ്, കെ കെ രാമചന്ദ്രന് നായര്‍, ഇ കെ വിജയന്, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, നിയമസഭാഡെപ്യൂട്ടി സെക്രട്ടറി റെജി ബി, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, എഡിഎം കെ അംബുജാക്ഷന് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ ലഭിച്ച 58 പരാതികളില്‍ തെളിവെടുത്തു. 30 പുതിയ പരാതികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: