ബത്തേരി: ഡോണ്‍ ബോസ്കോ കോളജ് അടിച്ചു തകര്‍ക്കുകയും പ്രിന്‍സിപ്പലിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ ഇതേ കോളജിലെ വിദ്യാര്‍ഥി ജിഷ്ണു വേണുഗോപാലിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 11നാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചു തകര്‍ത്തത്. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാന്‍ ജിഷ്ണുവിനോട് കോളജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തര്‍ പ്രകടനമായി എത്തി കാമ്പസ് അടിച്ചു തകര്‍ക്കുകയായിരുന്നു. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കാമ്പസിലുണ്ടാക്കിയത്. ഇതെത്തുടര്‍ന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജോബിന്സന് ജെയിംസ് അടക്കം 14 പേരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അക്രമത്തിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് കാമ്പസ് തുറന്ന് പ്രവര്‍ത്തിക്കാനായത്. ശനിയാഴ്ച ഉച്ചയോടെയാണ് ജിഷ്ണുവിനെ ബത്തേരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: