ചെര്‍പ്പുളശ്ശേരി: ശബരിമല തെക്കുംപറമ്പത്ത് മലയിലെ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ ജന്മഗ്രാമമായ കാറല്‍മണ്ണയില്‍ നിന്ന് നിറപുത്തരി കതിര് ശബരിമലയിലേക്ക് ഇന്നലെ രാത്രി ഒമ്പതിന് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ നിന്ന് യാത്ര തിരിച്ചു.
ഉണ്ണികൃഷ്ണന് നമ്പൂതിരി ശബരിമല മേല്‍ശാന്തിയായാല്‍ കാറല്‍മണ്ണ ഇളംതുരുത്തി പാടത്ത് നിന്ന് ശബരിമല അയ്യപ്പന് നെല്കതിര് സമര്‍പ്പിക്കാമെന്ന കര്‍ഷക കൂട്ടായ്മയുടെ ഭാഗമായാണ് നിറകതിര്‍ എത്തിക്കുന്നത്. ശബരിമല ശാസ്താവിന്റെ നിറ ഉത്സവത്തിന് പ്രമുഖ കര്‍ഷകനായ ചുണ്ടയില്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ വിളയിച്ചെടുത്ത നെല്കതിര് ശാസ്താ സന്നിധിയിലേക്ക് യാത്രയാകുന്നത്.
കാര്‍ഷിക സംസ്കൃതിയുടെ വരവ് അറിയിക്കുന്ന വിള ഉത്സവം കാറല്‍മണ്ണ ഇളംതുരുത്തി പാടത്ത് ഉത്സവാന്തരീക്ഷത്തില്‍ പ്രശസ്ത തായമ്പക വിദഗ്ധന്‍ ശുകപുരം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഭദ്രദീപം തെളിയിച്ചതോടെ കൊയ്ത്ത് ആരംഭിച്ചു.
ചെര്‍പ്പുളശ്ശേരി നഗരസഭാ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീനാഥ്, ശ്രീകൃഷ്ണപുരം കൃഷി ഓഫീസര്‍ നിക്കോളാസ്, മുന്‍ കൃഷി ഓഫീസര്‍ പി എം ജോഷി, എന്നീ ഉദ്യോഗസ്ഥരും ഇളംതുരുത്തി ക്ഷേത്രം മേല്‍ശാന്തിയും കൗണ്‍സിലര്‍മാരും, സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും നാട്ടുകാരും, പരിസ്ഥിതി പ്രവര്ത്തകന് ജയറാം കാറല്‍മണ്ണ എന്നിവരും പങ്കെടുത്തു.
നിറപുത്തരിക്ക് വേണ്ടി ആദ്യമായാണ് ഇളംതുരുത്തിപ്പാടത്ത് കൃഷിയിറക്കിയത്. വരും വര്‍ഷങ്ങളിലും ഇവര്‍ക്ക് പുത്തരികൃഷി തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കര്‍ഷക കൂട്ടായ്മയിലെ മതിലകത്ത് വിശ്വനാഥന്, പുത്തങ്ങാത്തൊടി ഗോപാലകൃഷ്ണന് എന്നിവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: