കൊല്ലങ്കോട്: മുതലമട മുന്‍പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എസ്.വി.ശെല്‍വന്റെ വീട്ടില്‍ വിജിലന്‍സ് സ്ക്വാഡ് റെയ്ഡ് നടത്തി.
ശെല്‍വന്റെ മൂച്ചം കുന്നിലെ വീട്ടില്‍ ഇന്നലെ രാവിലെ 11 മണിമുതല്‍ മൂന്ന് മണിവരെയാണ് റെയ്ഡ് നടത്തിയത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. വസ്തുകൈമാറ്റം നടത്തിയ 22 ആധാരങ്ങള്‍ മുദ്ര എഴുതാത്ത മുദ്രപത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
ശെല്വന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന 2012-2015 വരെയുള്ള കാലയളവില്‍ നടത്തിയ വസ്തു ഇടപാടുകളുടെ ആധാരങ്ങളാണ് പിടിച്ചെടുത്തത്. പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കും ശെല്വന് ചുരുങ്ങിയ വിലക്ക് വാങ്ങിയ ഭൂമി വന്‍ വിലക്ക് വില്‍പ്പന നടത്തിയതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ആദിവാസികളും, പട്ടികജാതിക്കാരും, ദളിത്സമുദായക്കാരുമായ നിരവധി ഗുണഭോക്താക്കളെ ഈ രീതിയില്‍ കബളിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പല പദ്ധതികളും നടപ്പിലാക്കിയത് കടലാസില്‍ മാത്രമായിരുന്നു. ശെല്വന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.
ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍. ശെല്വന്, ധര്‍മ്മലിംഗം എന്നിവര്‍ ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്.
വിജിലന്‍സ് സിഐ സി.എം.ദേവദാസന്, എഎസ്ഐ പി.ശിവദാസ്, സിപിഒ എം.ആര്.സുധീര്‍, എ.പി.രമേഷ്, വിജയകുമാരി, കൃഷ്ണദേവന് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: