പാലക്കാട്: പുരാവസ്തു വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായതോടെ ജില്ലാകോടതി കെട്ടിടനിര്‍മാണത്തിന് പദ്ധതിയൊരുങ്ങുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം ലഭിച്ചെങ്കിലും പുരാവസ്തുവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ പദ്ധതി പ്രാവര്‍ത്തികമായില്ല. മൂന്നുമാസം മുമ്പാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കോടതി നിര്മ്മാണത്തിനുവദിച്ച ജില്ലാ പഞ്ചായത്തിന് സമീപമുള്ള സ്ഥലം പരിശോധിച്ചത്.
ഇതോടൊപ്പം പാലക്കാട് കോട്ടമൈതാനത്തിലെ കംഫര്‍ട്ട് സ്റ്റേഷന്, വാടിക എന്നിവിടങ്ങളിലും അറ്റകുറ്റപ്പണിക്കുള്ള അനുമതി നല്കുന്നതിനായും പരിശോധന നടത്തിയിരുന്നു.
ജില്ലാ കോടതിയില്‍ 14 കോടതികള്‍, ഒരു എം.എ.സി.ടി എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. സ്ഥലസൗകര്യമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോഇല്ലാത്തത് ഏറെ ബുദ്ധിമുട്ടിനിടയാക്കുന്നുണ്ടായിരുന്നു. ഇക്കാരണത്താലാണ് കോടതി സമുച്ചയം മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിന് സമീപം രണ്ടേക്കര്‍ 95 സെന്റ് സ്ഥലവും ഇതിനായി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇവിടെ ആറുനിലക്കെട്ടിടം സ്ഥാപിക്കാനുള്ള ഫണ്ടും അനുവദിച്ചിരുന്നു.
എന്നാല്‍, പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളുടെ പരിധിയുടെ 200 മീറ്ററിനകത്ത് സ്മരാകങ്ങളേക്കാള് ഉയരത്തില്‍ കെട്ടിടങ്ങള്‍ അനുവദിക്കണമെങ്കില്‍ പുരാവസ്തുവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇത് ലഭ്യമാകാത്തതിനാലാണ് നിര്‍മാണപ്രവൃത്തികള്‍ നീണ്ടുപോയത്. രണ്ടേക്കര്‍ 95 സെന്റ് സ്ഥലത്തിലെ 10 സെന്റ് ഹൈക്കോടതിയുടെ കീഴിലുള്ള മീഡിയേഷന് സെന്ററിനായി വിട്ടുകൊടുത്തിരുന്നു.
ഇതിനായുള്ള ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍, കെട്ടിട നിര്‍മ്മാണത്തിന് ആര്ക്കിയോളജിവകുപ്പിന് ദല്‍ഹിയില്‍ നിന്ന് എന്‍ഒസി ലഭിക്കണം. എന്‍ഒസി ലഭിച്ചപ്പോഴേക്കും മീഡിയേഷന് സെന്ററിനായി ലഭിച്ച് ഫണ്ട് പാഴായിപ്പോവുകയായിരുന്നു. ആറ് ജില്ലാകോടതികള്‍, രണ്ട് സബ് കോടതികള്‍, രണ്ട് മുന്‍സിഫ് കോടതികള്‍, ഒരു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മൂന്ന് മജിസ്ട്രേറ്റ് കോടതികള്‍ എന്നിവയാണ് ജില്ലാകോടതി സമുച്ചയത്തിലുള്ളത്.
ഇവിടെയെത്തുന്നവര്‍ക്ക് ആവശ്യത്തിന് ഇരിപ്പിട സൗകര്യം, കുടിവെള്ളം,ശൗചാലയം ഇവയൊന്നും ആവശ്യത്തിനില്ല. ഇത് പരിഹരിക്കണമെങ്കില്‍ പുതിയ കെട്ടിടം കൂടിയേ തീരൂ.
പുരാവസ്തുവകുപ്പ് കെട്ടിടം നിര്‍മാണത്തിനുള്ള അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കോടതി ജീവനക്കാരും നഗരവാസികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: