മണ്ണാര്‍ക്കാട് : അഴിമതിയാരോപണങ്ങള്‍ക്കും ആശങ്കക്കും ഒടുവില്‍ കാഞ്ഞിരപ്പുഴഡാമിന്റെ ഷട്ടര്‍ അടച്ചു.മൂന്നുഷട്ടറുകളാണ് ഇന്നലെ അടച്ചത്.
ഡാമിനകത്തെ ഭിത്തിയില്‍ ചോര്ച്ചയനുഭവപ്പെട്ടതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനായി ജൂണ്‍ ഒന്നിന് തുറന്നുവിട്ടിരുന്നു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 40 ശതമാനത്തോളം പൂര്‍ത്തിയായതിന്റെ അടിസ്ഥനത്തിലും ഇനിയുള്ള ദിവസങ്ങളില്‍ മഴവെള്ളം സംഭരിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം നേരിടുമെന്നതിനാലുമാണ് മൂന്നുഷട്ടറുകളും അടച്ചത്.
വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട മേഖലയാണ് മണ്ണാര്‍ക്കാട്. പതിനഞ്ചിന് ഷട്ടര്അടക്കുവാന് ചീഫ് എഞ്ചിനിയര്‍ ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാലത് കഴിയാതെ വന്നപ്പോള്‍ 27ന് ഉറപ്പായും ഷട്ടര്അടക്കണമെന്ന ചീഫ് എന്‍ജിനിയര്‍ സെന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഷട്ടറുകള്‍ അടച്ചത്. ഇതിനിടെ കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് പത്രസമ്മേളനം നടത്തുകയും 30നെ ഷട്ടര്‍ അടക്കുകയുള്ളൂ എന്ന് അറിയിച്ചിരുന്നു.
26ന് രാത്രി ചെക്ക്ഡാമിന്റെ രണ്ട് ഷട്ടര്‍ പലകകള്‍ സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റിയത് വിവാദമായി. മിനിചെക്ക് ഡാമില്‍ നിന്നാണ് കുടിവെള്ളവിതരണം നടത്തുന്ന പമ്പ് ഹൗസിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെത്തിക്കുന്നത്.
എന്നാല്‍ ഷട്ടറിലെ പലക തുറന്നത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കിടെ ഡാമിനകത്തുണ്ടായിരുന്ന രണ്ട് മീറ്റര്‍ വ്യാസമുള്ള കിണര്‍ മൂടിയതില്‍ ദുരൂഹതയേറുന്നു. കിണര്‍ മൂടിയത് നീരൊഴുക്കിന് ബാധിക്കുമെന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
കിണര്‍ മൂടിയത് മേലധികാരികളുടെ അറിവോടെയല്ലെന്നും പറയുന്നുണ്ട്.ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അഴമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം സ്ഥലം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.
ആഗസ്റ്റ് ആദ്യവാരം സുരക്ഷാഅധികൃതര്‍ പരിശോധനക്കെത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: