പത്തനംതിട്ട: കോന്നിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ക്വട്ടേഷന്‍ വിവാദം പുകയുന്നു. മണ്ഡലം പ്രസിഡന്റിനെ വകവരുത്താന്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ക്വട്ടേഷന്‍ ഭീഷണി ഉയര്‍ത്തിയതാണ് ആദ്യം പുറത്തുവന്നത്. ഇതിനെ പ്രതിരോധിച്ച മുന്‍ പ്രസിഡന്റ് തന്നെ തകര്‍ക്കാന്‍ എംഎല്‍എ വന്‍തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്ഹരിദാസ് ഇടത്തിട്ട വധഭീഷണി മുഴക്കിയതായി കോണ്‍ഗ്രസ് അരുവാപ്പുലം മണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാര്‍ കെപിസിസി പ്രസിഡന്റ് എം.എം.ഹസന് പരാതിയും നല്കി.
ഈ മാസം പത്തിന് ഹരിദാസ് ഇടത്തിട്ട അരുവാപ്പുലം 198 ാം നമ്പര്‍ ബൂത്ത് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ശ്രീകുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ശ്രീകുമാര്‍ അടൂര്‍ പ്രകാശ് എംഎല്‍എയുടെ ആളാണെന്നും കയ്യില്‍ കിട്ടിയാല്‍ ശ്രീകുമാറിനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയത്രെ. ഇതിനായി 5 ലക്ഷം മാറ്റി വെച്ചിട്ടുണ്ടെന്നും പറയുന്നു. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം നേതാക്കള്‍ക്കും കൈമാറിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇത് സംബന്ധിച്ച് ശ്രീകുമാര്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിന് പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് എം.എം.ഹസന് പരാതി കൈമാറിയത്.
അടൂര്‍ പ്രകാശിന്റെ വിശ്വസ്തനു നേരെയുള്ള ഭീഷണി വിരുദ്ധ ഗ്രൂപ്പ് ശക്തിപ്പെട്ടു വരുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോന്നി നിയോജക മണ്ഡലത്തിലെ ബാബു ജോര്‍ജ് അടക്കമുള്ള അഞ്ച് ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിരുദ്ധ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.
പാര്‍ട്ടി പരിപാടികള്‍ ഹൈജാക്ക് ചെയ്യുന്നു എന്നതാണ് എംഎല്‍എക്ക് എതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം, കഴിഞ്ഞ ദിവസം പ്രകാശ് വിരുദ്ധ യോഗവും കോന്നിയില്‍ ചേര്‍ന്നിരുന്നു. ക്വട്ടേഷന്‍ ആരോപണങ്ങള്‍ പുറത്തു വന്നതോടെ വരും ദിവസങ്ങളില്‍ ഗ്രൂപ്പ് പോര് കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: