പത്തനംതിട്ട: പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ജില്ലയിലെ സിപിഎമ്മില്‍ വെട്ടിനിരത്തല്‍ തുടരുന്നു. മല്ലപ്പള്ളിക്കു പിന്നാലെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ. ജയകൃഷ്ണനെ തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റി സസ്പെന്‍ഡു ചെയ്തതാണ് അവസാന സംഭവം. നടപടി നേരിട്ടവര്‍ വിഎസ് പക്ഷക്കാരാണെന്നതും ശ്രദ്ധേയം.
യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഓര്ഡിനേറ്റര്കൂടിയായ കെ.ജയകൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാന്‍ തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയംഗം ശ്യാംലാല്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മല്ലപ്പള്ളിയില്‍ ഡിവൈഎഫ്ഐ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി. സുബിനെതിരെ ഏരിയാ കമ്മിറ്റി സ്വീകരിച്ച നടപടി മേല്‍ഘടകം കഴിഞ്ഞയിടെ റദ്ദാക്കിയിരുന്നു.
ജയകൃഷ്ണനെതിരെയുള്ള നടപടിയില്‍ കോന്നി ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയും ഇതോടെ രൂക്ഷമായി. എന്നാല്‍ ജയകൃഷ്ണനെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ തനിക്കെതിരെ പ്രാദേശിക ഘടകങ്ങള്‍ക്ക് നടപടിയെടുക്കാനാകില്ലെന്ന് ജയകൃഷ്ണനും പറയുന്നു. പാര്‍ട്ടി വിരുദ്ധരുമായി ചേര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ ജയകൃഷ്ണനെതിരെ അന്വേഷണം നടത്താന്‍ ഒന്നര മാസം മുമ്പ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബിനു, ശിവരാജന്, കെ.പി.സദാനന്ദന് എന്നിവരടങ്ങിയ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്ട്ടിന്മേലാണ് നടപടിയെന്നറിയുന്നു.
സിപിഎം തണ്ണിത്തോട് സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ജയകൃഷ്ണന്. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡു ചെയ്തെന്ന് തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റിയുടെ പേരിലിറങ്ങിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജയകൃഷ്ണനെതിരെ നടപടിയുണ്ടെന്നു പറയുന്നുണ്ടെങ്കിലും മേല്ഘടകങ്ങള് ഇടപെട്ടതോടെ ഇതു സ്ഥിരീകരിക്കാന്‍ ഉത്തരവാദപ്പെട്ട പ്രാദേശിക ഘടകങ്ങളും വിസമ്മതിക്കുന്നു. തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി, കോന്നിയില്‍ നിന്നുളള ജില്ലാ കമ്മിറ്റിയംഗം എന്നിവരാണ് നടപടിക്കു പിന്നിലെന്ന് പാര്‍ട്ടിയിലെ ജയകൃഷ്ണനെ അനുകൂലിക്കുന്നവര്‍ പറയുന്നു. തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പ്യൂണ്‍ നിയമനത്തിലെ അഴിമതി ആരോപണങ്ങള്‍ക്കെതിരെ മേല്‍ഘടകങ്ങള്‍ക്ക് പരാതി കൊടുത്തതിലുളള പ്രതികാര നടപടിയുടെ ഭാഗമാണ് സസ്പെന്‍ഷനെന്നും ആക്ഷേപമുണ്ട്. എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയില്‍ ജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ച ഒരു മുന്‍ സിഎയ്ക്കെതിരെ പരാതി കൊടുക്കുകയും ഡിവൈഎസ്പിയായി ഇദ്ദേഹത്തിനു ലഭിക്കേണ്ട പ്രമോഷനു തടയിടുകയും ചെയ്തതും മറ്റൊരു കാരണമായതായി പറയപ്പെടുന്നു. തണ്ണിത്തോട്ടിലെ ഒരു പ്രാദേശിക നേതാവ് സിഐയ്ക്കെിതരായ പരാതി പിന്‍വലിപ്പിക്കാന്‍ ജയകൃഷ്ണനുമേല് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവത്രെ. എതിര്‍പാര്‍ട്ടികളുമായി ധാരണയ്ക്കു ശ്രമിക്കുകയും സിപിഎമ്മിന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തതു പാര്‍ട്ടി വിരുദ്ധമെന്ന പേരിലാണ് ജയകൃഷ്ണനെതിരെ നടപടിയെന്നാണ് മറുവിഭാഗം പറയുന്നത്. പിണറായി വിഭാഗത്തിന് മേല്‍കൈയുള്ള ഏരിയാ കമ്മിറ്റിയാണ് കോന്നിയിലേത.് സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സംഘടനാ നടപടികള്‍ പാടില്ലന്ന കീഴ്വഴക്കം ലംഘിച്ച് ചിലരുടെ പേരില്‍ നടപടി എടുക്കുന്നത് അവരെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാതിരിക്കാനാണെന്ന ആരോപണവും ശക്തമാണ്. മല്ലപ്പള്ളി കുന്നന്താനത്ത് എതിര് ചേരിയില്‍ ഉള്ളവരുമായി ധാരണയ്ക്കു ശ്രമിച്ചുവെന്ന പേരിലാണ് എസ്.വി. സുബിനെ മല്ലപ്പള്ളി ഏരിയാ കമ്മിറ്റി പുറത്താക്കിയത്. ഇതേക്കുറിച്ച് ജില്ലാ കമ്മിറ്റി അന്വേഷിക്കുകയും നടപടി പിന്‍വലിക്കുകയുമാണുണ്ടായത്. പ്രാദേശികഘടകങ്ങളില്‍ അരങ്ങേറുന്ന വെട്ടിനിരത്തല്‍ യുവനേതാക്കളെ ആശങ്കയില്‍ ആക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: