കാക്കനാട്: ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നിര്‍ദ്ദേശ പ്രകാരം വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70 ഡ്രൈവര്‍മാരുടെ ലൈസന്‍സ് അയോഗ്യമാക്കി. അമിതഭാരം കയറ്റുക, മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിക്കുക, സിഗ്നല്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയവരുടെ ലൈസന്‍സുകളാണ് സസ്പെന്‍ഡ് ചെയ്യാന്‍ എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ.എ. സാമുവല്‍ ശുപാര്‍ശ നല്‍കിയത്. സുപ്രീം കോടതി ഉത്തരവിന് വിധേയമായാണ് വാഹനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
റോഡ് സുരക്ഷ മുന്‍ നിര്‍ത്തി ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 1286 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് 8,49,400 രൂപ പിഴ ഈടാക്കി. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ.എ.സാമുവലിന്റെയും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എം. സുരേഷിന്റെയും നേത്യത്വത്തില്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. മൂന്നു ജില്ലകളിലെ 80ല്‍പ്പരം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
അമിതഭാരം കയറ്റിയ വാഹനങ്ങളില്‍ നിന്ന് അധികമുള്ളത് നീക്കം ചെയ്ത ശേഷമാണ് വാഹനങ്ങള്‍ വിട്ടുനല്‍കിയത്. അനധികൃതമായി സൈലന്‍സറുകള്‍ ഘടിപ്പിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കിയ 20 ഓളം ബൈക്കുകള്‍ക്കെതിരെയും എയര്‍ഹോണുകള്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലിന് തുടങ്ങിയ വാഹന പരിശോധന ബുധനാഴ്ച വൈകിട്ട് നാലിനാണ് അവസാനിച്ചത്. ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. റോഡുസുരക്ഷ മുന്‍നിര്‍ത്തിയുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: