ദൈവത്തിന്റെ കയ്യൊപ്പുള്ള തിരക്കഥ ചിലരെങ്കിലും എഴുതിയിട്ടുണ്ടാകാം. പക്ഷേ ദൈവത്തിന്റെ തിരക്കഥ ആരും കണ്ടിട്ടില്ല.ഇപ്പോള്‍ അതുംകണ്ടു. നടന് ദിലീപിന്റെ തലയില്‍ കൈവച്ചാണ് ദൈവം അതെഴുതിയത്. ഒത്തിരി അനുഗ്രഹിച്ച കൈയ്ക്ക് അങ്ങനേയും ഒരു മറുവിധിയുണ്ട്. ദൈവത്തിനുംമീതെ എഴുതിയാല്‍ എന്തുചെയ്യും. നിരവധി വഴിത്തിരിവുകളും സസ്പെന്സുകളും സ്വന്തം സിനിമകളില്‍ മാറ്റിയെഴുതിച്ച ദിലീപിന് സ്വന്തം ജീവിതത്തിന്റെ തിരക്കഥ മാറ്റി എഴുതാന്‍ കഴിഞ്ഞില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ തെളിവുളോടെ ദിലീപ് അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നോളം സ്്ക്രീന്‍ ചെയ്യാത്ത അത്യന്തം നിഗൂഢവും ജുഗുപ്സാവഹവുമായൊരു കഥയുടെ ചുരുളുകളഴിയുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടന്നെന്ന പുതിയെ തെളിവുകളുടെ വെളിച്ചത്തിലാണ് തിങ്കളാഴ്ച വൈകിട്ട് ദിലീപ് അറസ്റ്റിലായത്. രാവിലെ തന്നെ പോലീസ് ദിലീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. സംവിധായകന് നാദിര്‍ഷയും പോലീസ് കസ്റ്റഡിയിലാണ്. ഇനിയും അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നാണ് പോലീസ് നല്കുന്ന സൂചന.
ക്രൈം തില്ലറുകളേയും വെല്ലുന്ന ആശങ്കയും നടുക്കുന്ന ആകാംക്ഷയുമുണ്ടാക്കി നാലരമാസം പിന്നിട്ട നടിയെ ആക്രമിച്ച കേസിലെ വലിയൊരു വഴിത്തിരിവാണ് ദിലീപിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ തെളിയാനിരിക്കുകയാണ്.
പൊതുജനം സിനിമാക്കാരെ നെഞ്ചില്‍വെച്ച് ആരാധിക്കുകയും കൊള്ളില്ലെന്നു കണ്ടാല്‍ കീറിപ്പറിച്ച് ദൂരെ എറിയാനും മടിക്കില്ലെന്നതിനു തെളിവാണ് പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകള്‍ വിളിച്ചു പറഞ്ഞും കേട്ടും ദിലീപിന്റെ അറസ്റ്റ് ആഘോഷിക്കുന്നത്. കുറ്റം ചെയ്തവന് സിനിമാക്കാരനായാലും അഴിയെണ്ണെണം എന്നുതന്നെയാണ് ജനം പലതരത്തിലും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്.
ഒരുകേസില്‍ ഇരയും പോലീസും പൊതുജനവും മുഖ്യപ്രതിയായി ഒരാളെമാത്രം സംശയിക്കുന്നത് ആദ്യമായിട്ടാവും. ദിലീപ് എന്നപേര് ഒളിഞ്ഞും തെളിഞ്ഞും അങ്ങനെ എല്ലാവരും പറഞ്ഞിരുന്നു. നാലരമാസം മുന്‍പു നടന്നസംഭവം പണവും സ്വാധീനവും കൊണ്ട് തേഞ്ഞുമാഞ്ഞുപോകും എന്നുതന്നെ ജനം കരുതിയിരുന്നപ്പോഴും സംഭവം സജീവമാക്കി നിര്‍ത്താന്‍ സിനിമാരംഗത്തുള്ള ഒരുവിഭാഗവും അതിനോടു മനസുചേര്ത്തു ജനവും ഉണ്ടായിരുന്നു.
സിനിമാ ബിസിനസിലും താരസംഘടനയിലും സൂപ്പര്‍ താരങ്ങള്‍ക്കിടയിലും ദിലീപിന്റെ സ്വാധീനവും മറ്റുമാണ് യഥാര്‍ത്ഥത്തില്‍ അറസ്റ്റു വൈകിപ്പിച്ചതെന്നാണ് പൊതുജന വിശ്വാസം. സര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള ഒരു താരം വഴിയാണ് കേസ് അടുത്തകാലംവരെ മരവിപ്പിച്ചതെന്നാണ് പരസ്യമായ രഹസ്യം. മലയാള സിനിമയിലെ പുതിയ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമാണ് കേസിനു പുരോഗതിയുണ്ടായതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
പോലീസ് അന്വേഷണത്തിലൂടെ അല്ലാതെ സത്യം പുറത്തു വന്നാല്‍ സര്‍ക്കാരിന്റെ പ്രതിഛായ കൂടുതല്‍ നഷ്ടമാവും എന്ന തിരിച്ചറിവാണ് ദിലീപിന്റെ അറസ്റ്റിലേക്കു ഇപ്പോള്‍ നയിച്ചത്. അതുകൊണ്ടു തന്നെ അറസ്റ്റിന്റെ പേരില്‍ സര്‍ക്കാരിനോ പോലീസിനോ പ്രത്യേക ക്രഡിറ്റ് അവകാശപ്പെടാനാവില്ല.
തങ്ങള്‍ ആകാശനക്ഷത്രമാണെന്ന പൊങ്ങച്ചവും അഹങ്കാരവും പുഛവും കൈമുതലാക്കിയവരാണ് മലയാളത്തിലെ ഭൂരിപക്ഷം സിനിമാക്കാരും. അതിന്റെ ദുഷിച്ച മാതൃകയാണ് ദിലീപ്. അല്ലെങ്കില്‍ സഹപ്രവര്‍ത്തകയെ മൃഗത്തെപ്പോലെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുമോ. ദിലീപിനെക്കുറിച്ച് സിനിമാരംഗത്തുള്ളവര്‍ തന്നെ പറയുന്ന കഥകള്‍ പലതും പുറത്തു വരികയാണ്. ഇനി എന്തെല്ലാം വരാനിരിക്കുന്നു. ആരാധനയുടെ വര്ണ്ണപ്പകിട്ടുകള്ക്കപ്പുറം സിനിമയ്ക്കു പിന്നിലെ ചെളിക്കുണ്ടുകളുടെ ദുര്‍ഗന്ധമാണിപ്പോള്‍ ജനം തിരിച്ചറിയുന്നത്. ചിലരെ ദൈവം പന പോലെ വളര്‍ത്തും. പക്ഷേ ഒടുക്കം വെട്ടുന്നത് അടിയോടെയാകും. സിനിമയെപ്പോലെ റീടേക്ക് അവിടെയില്ല. സിനിമ ഫ്ളോപ്പാകുന്നതിലും വലുതല്ലേ ജീവിതം തന്നെ ഫ്ളോപ്പാകുന്നത്.
അടുത്തകാലത്ത് ദിലീപ് നായകനായി ഇറങ്ങിയ ചിത്രമാണ് വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍.അറം പറ്റിയ ഒരുപേര്. സിനിമയിലെപ്പോലെ സ്വന്തം ജീവിതത്തിലും അങ്ങനെയൊരു നായകനാകുമെന്ന് ദിലീപ് ഒരിക്കലും വിചാരിച്ചു കാണില്ല. പക്ഷേ ദൈവം അന്നേ എഴുതിവെച്ചു. അതെ, ദൈവത്തിന്റെ തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: