കാഞ്ഞങ്ങാട്: ജില്ലയിലെ സ്കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നില്ല. സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി പ്രാവര്‍ത്തികമായില്ല. പെണ്‍കുട്ടികള്‍ക്കു സ്കൂളുകളില്‍ ആവശ്യത്തിനു വെള്ളവും വൃത്തിയും സ്വകാര്യതയുമുള്ള ശൗചാലയങ്ങള്‍ വേണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയാണ്.
ജില്ലയിലെ പല സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയങ്ങള്‍ പേരിനു പ്രവര്‍ത്തിക്കുന്നെണ്ടെങ്കിലും പലതും വൃത്തിഹീനവും ദുര്ഗന്ധപൂര്ണവുമാണ്. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും പ്രധാന സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കാത്തതു കാരണം പൊതുജനം പ്രയാസമനുഭവിക്കുന്നു. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിലുള്ള ശൗചാലയം വൃത്തിഹീനമായതിനാല്‍ ജനങ്ങള്‍ പോകാന്‍ മടിക്കുന്നു. പുരുഷന്മാര് പരിസരപ്രദേശങ്ങളെ ആശ്രയിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും യതൊരു പോംവഴിയും ഇല്ല.
പൊതുസ്ഥലങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതായി തുടരണമെങ്കില്‍ പൊതു ശൗചാലയങ്ങള്‍ ഒഴിച്ചു കൂടാനാവാത്തതാണെന്നും പൊതുസ്ഥലത്ത് ശൗചാലയം നിര്‍മിക്കാത്ത പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ഇനി അംഗീകാരം നല്‍കുന്നില്ലെന്നുമാണു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരിരുന്നത്. ഇതിനായി വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ബന്ധമായും ശൗചാലയം നിര്‍മിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലായില്ല.
മലയോരത്തെ പ്രധാന സ്ഥലങ്ങളില്‍ ഇപ്പോഴും ശൗചാലയങ്ങള്‍ നിര്‍മിക്കാത്ത പഞ്ചായത്തുകളുണ്ട്. വിദ്യാര്‍ഥികളില്‍ മൂത്രാശയ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശമാണ് പല തദ്ദേശ ഭരണ സ്ഥാപനങ്ങളും നടപ്പാക്കാത്തത്. ശൗചാലയ നിര്‍മ്മാണത്തിനായി സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ട്. ഇതും ഉപയോഗിക്കാതെ വകമാറ്റിയും മറ്റും ചിലവൊഴിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: