കല്‍പ്പറ്റ: ‘ വന്യമൃഗങ്ങള്‍ നാട്ടിലേക്കും, പൊറുതി മുട്ടിയ ജനം കാട്ടിലേക്കും ‘ എന്ന മുദ്രാവാക്യമുയര്‍ത്തി 31ന് ബിജെപി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് വാസസ്ഥലം ഒരുക്കി പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വയനാടിന്റെ പേടി സ്വപ്നമായ വന്യജീവി ആക്രമണത്തെ സംസ്ഥാന സര്‍ക്കാരും ജില്ല ഭരണകൂടവും നിസ്സാര വല്‍ക്കരിച്ച് കാണുകയാണ്. വന്യജീവി ആക്രമണത്തിന്റെ പേരില്‍ ജില്ലയില്‍ 3182 കേസുകള്‍ നിലനില്ക്കുന്നു. നൂറു കണക്കിന് ജീവനുകള്‍ വന്യജീവി അക്രമണത്തില്‍ പൊലിഞ്ഞു. നാല്പത് ശതമാനം ഫോറസ്റ്റ് ഏരിയ ഉള്ള ജില്ലയില്‍ കാടും നാടും വേര്‍തിരിച്ചു കൊണ്ടുള്ള സംവിധാനമൊരുക്കുന്നതിനായി കര്‍ഷകര്‍ എത്രയോ കാലമായി മുറവിളി കൂട്ടുന്നു.സംസ്ഥാന ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കേണ്ട ജനപ്രതിനിധികള്‍ തന്നെ തെരുവിലിറങ്ങി സമരം ചേയ്യേണ്ട ഗതികേടിലാണ് ജില്ലയിലെ ജനപ്രതിനിധികള്‍.
വന്യ ജീവി അക്രമണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാമെന്നു പറഞ്ഞ 16.63 കോടി രൂപ വാങ്ങി നല്കാന് ഭരണകൂടത്തിനും സര്‍ക്കാരിനും സാധിക്കുന്നില്ല. വനം വകുപ്പ് മന്ത്രി ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നല്കിയ ഉറപ്പുകള്‍ വെറും പാഴ് രേഖകളായി മാറി. കേന്ദ്രത്തിന്റെ പുനരധിവാസ പാക്കേജ് സംസ്ഥാന ഗവണ്മെന്റിന്റെ പിടിപ്പുകേടുമൂലം പാതിവഴിയിലായി. നടക്കാത്ത കാര്യങ്ങളെല്ലാം കേന്ദ്ര ഗവണ്മെന്റിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികളാണ് നാടിന്റെ ശാപം. സമരപരിപാടി ബിജെപി സംസ്ഥാന ജന:സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജന:സെക്രട്ടറി പി.ജി ആനന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: