Categories: Malappuram

കഴിവുകേടിന്റെ പര്യായമായി പരപ്പനങ്ങാടി വണ്ടിപ്പേട്ട

Published by

പരപ്പനങ്ങാടി: ജീര്‍ണതക്കൊപ്പം അവഗണനയും കൂടി ചേര്‍ത്താല്‍ നിലവിലെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിന്റെ ചിത്രമായി. ഇവിടുത്തെ ഈ സ്റ്റാന്‍ഡിന്റെ ചിത്രം വെളിപ്പെടുത്തുന്നത്. പരപ്പനങ്ങാടിയുടെ മുഖച്ഛായ തന്നെയാണ്. തകര്‍ന്നു നിലംപൊത്താറായ ഈ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നത് ഇതുവരെ പഞ്ചായത്തും നഗരസഭയും മാറിമാറി ഭരിച്ചവരുടെ കഴിവുകേടിനെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ പരപ്പനങ്ങാടി സ്റ്റാന്‍ഡിനുള്ളത്. പൊളിഞ്ഞടര്‍ന്നു വീണുകൊണ്ടിരിക്കുന്ന കെട്ടിടം വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്. കാടും പടലും മാലിന്യങ്ങളും നിറഞ്ഞ് പകര്‍ച്ചവ്യാധികളുടെ മൊത്തവിതരണ കേന്ദ്രമായിരിക്കുന്നു. സ്റ്റാന്‍ഡിന്റെ പുറകുവശം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരിക്കെ ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ഭരണസമിതി തീരുമാനമെടുത്തിരുന്നെങ്കിലും ഇവിടുത്തെ 14 ഓളം വ്യാപാരികള്‍ ചേര്‍ന്ന് കോടതിയില്‍ പോയി ഉത്തരവ് റദ്ദാക്കുകയായിരുന്നു.

1994ല്‍ കടലുണ്ടി തിരൂര്‍ റോഡില്‍ പുതിയ ഷോപ്പിംങ് കോംപ്ലക്സ് തുറന്നതോടെയാണ് പഞ്ചായത്ത് ഓഫീസ് ഇവിടെ നിന്ന് മാറ്റിയത്. പക്ഷേ ഇവിടത്തെ വ്യാപാരികളെ മാറ്റി താമസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ പഞ്ചായത്ത് നഗരസഭയായതോടെ 2016 ഡിസംബറില്‍ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ 20 ദിവസത്തിനകം വ്യാപാരികളെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചുമാറ്റാനും തീരുമാനമായിരുന്നു. എട്ടുമാസമായിട്ടും ഇതുവരെയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പരപ്പനങ്ങാടി നഗരത്തെ രണ്ടായിമുറിക്കുന്നത് റെയില്‍പ്പാതയാണ് 1963മ ുതലാണ് റെയില്‍പ്പാളത്തിന് കിഴക്കുള്ള നെടുവ പഞ്ചായത്തും പടിഞ്ഞാറുള്ള പരപ്പനങ്ങാടി പഞ്ചായത്തും ലയിക്കുന്നത്. പിന്നീട് പരപ്പനങ്ങാടി സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായും നഗരസഭയായും ഉയര്‍ന്നെങ്കിലും നാട്ടുകാരുടെ പ്രധാന ആവശ്യമായ ബസ് സ്റ്റാന്‍ഡ് എന്നത് ഇപ്പോഴും ജലരേഖയായി തന്നെ നില നില്‍ക്കുന്നു.

നിലമ്പൂര്‍ മഞ്ചേരി മലപ്പുറം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മാത്രമാണ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്. പ്രധാന റൂട്ടായ കോഴിക്കോട് തിരൂര്‍ എറണാകുളം ഭാഗത്തേക്കുള്ള ബസ് സര്‍വീസുകള്‍ വഴിയരികില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. 1861 മാര്‍ച്ച് 12ന് ചാലിയം തിരൂര്‍ റെയില്‍പ്പാത വന്നതോടെയാണ് റെയില്‍വെ സ്റ്റേഷന്റെ കിഴക്കു ഭാഗം കേന്ദ്രീകരിച്ച് പഴമക്കാരുടെ വണ്ടിപ്പേട്ട എന്ന ബസ്സ്റ്റാന്‍ഡ് രൂപം കൊള്ളുന്നത്. പഴമയുടെ പെരുമ മാത്രമാണ് ഇന്നും പരപ്പനങ്ങാടിക്കാര്‍ക്ക് ഉള്ളത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പഴയകാലത്തെ വണ്ടിപ്പേട്ട തന്നെയാണ് ഇപ്പോഴും ബസ്്്സ്റ്റാന്‍ഡ്.

ബസുകള്‍ തിരിക്കുന്നതിനും യാത്രക്കാരെ കയറ്റിയിറക്കുന്നതിനും മാത്രമാണ് നിലവിലെ ബസ്്സ്റ്റാന്‍ഡ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമോ യാത്രക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയങ്ങളോ ഇല്ലാത്ത കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ നിലവിലുള്ള ബസ്്സ്റ്റാന്‍ഡ് റെയില്‍വെ ബി ക്ലാസ് സ്ഥലത്താണ് നിലനില്‍ക്കുന്നത് ഇത് പൊളിച്ചുമാറ്റിയാല്‍ തന്നെ പുതിയ ബസ്്സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ നിയമ തടസങ്ങള്‍ ഏറെയുണ്ട്. തിരൂര്‍ താനൂര്‍, കോട്ടക്കടവ്, തയ്യിലക്കടവ് ചെമ്മാട് മലപ്പുറം ഭാഗങ്ങളില്‍ നിന്നും എത്തുന്ന എല്ലാബസുകള്‍ക്കും പ്രവേശിക്കാവുന്ന രീതിയിലുള്ളതും എല്ലാഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും ഉപകാരപ്രദമാക്കുന്നതുമായ ബസ്ബേകളോട് കൂടിയ ബസ്്സ്റ്റാന്റാണ് ഇനി പരപ്പനങ്ങാടി അത്യന്താപേക്ഷിതമാകുന്നത്. ഈ വികസന സ്വപ്ന സാക്ഷാല്‍കാരത്തിനായുള്ള രാഷ്‌ട്രീയ കൂട്ടായ്മയാണ് ഇനി വേണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts