പത്തനംതിട്ട: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്ന് ജില്ലാ കലക്ടര്‍ ആര്.ഗിരിജ. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ദേശീയ പതാകകള്‍ അനുവദിക്കില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി കുടിവെള്ള വിതരണത്തിന് സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കും. പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതിനാല്‍ പേപ്പര്‍ പ്ലേറ്റുകളും പേപ്പര്‍ ഗ്ലാസുകളും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പൊതുജനങ്ങളും ഇതര സംഘടനകളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ബാന്റുമേളം, ദേശഭക്തി ഗാനാലാപനം, ഡിസ്പ്ലേ എന്നിവ ദിനാഘോഷത്തിന് മാറ്റുകൂട്ടും.
പരേഡിന്റെ റിഹേഴ്സല്‍ ഓഗസ്റ്റ് 10,11,12 തീയതികളില്‍ നടക്കും. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പിനാണ്. ദിനാഘോഷ പരിപാടികളുടെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ നിര്‍വഹിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സ്കൂളുകളുടെ ഏകോപനം വിദ്യാഭ്യാസ വകുപ്പ് നിര്‍വഹിക്കും. റിഹേഴ്സലില്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ ആര് ടി ഒയുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും.
സ്റ്റേജിന്റെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലഘുഭക്ഷണം ഒരുക്കും. യോഗത്തില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: