മരട്: ഈറനണിഞ്ഞ്, വ്രതം നോറ്റ് പിതൃക്കളുടെ പ്രീതിക്കായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ശനിയാഴ്ച രാത്രി തുടങ്ങിയ വാവ് ഇക്കുറി ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നീണ്ടു. അവധി ആയതും തെളിഞ്ഞ അന്തരീക്ഷവും മുന്‍ വര്‍ഷങ്ങളിലേതിലും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു.
ക്ഷേത്രങ്ങളില്‍ തിരക്കു നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ മുന്‍കൂട്ടി സജ്ജീകരിച്ചിരുന്നു. ബലിതര്‍പ്പണത്തിനു പുറമേ കൂട്ടനമസ്കാരം, പിതൃ നമസ്കാരം, തിലഹോമം, പിതൃപൂജ തുടങ്ങിയവയ്ക്കും തിരക്ക് അനുഭവപ്പെട്ടു. ബലിതര്‍പ്പണത്തിനു ഭക്തര്‍ ഏറെ സമയം കാത്തിരിക്കുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ബലിത്തറകള്‍ സജ്ജീകരിച്ചിരുന്നെങ്കിലും പലയിടത്തും നിര നീണ്ടു. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെതന്നെ ചടങ്ങുകള്‍ തുടങ്ങി.
മദ്ധ്യകേരളത്തിലെ പ്രധാന കര്‍ക്കടക വാവുബലി കേന്ദ്രങ്ങളില്‍ ഒന്നായ തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ബലിത്തറകള്‍ ഒരുക്കാതെയുള്ള ‘വടാപൂജ’ എന്ന പ്രത്യേക വഴിപാടിന് വന്‍ തിരക്കായിരുന്നു. കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നതിനാല്‍ എളുപ്പത്തില്‍ പൂജ പൂര്‍ത്തികരിക്കാനായി. നട അടച്ചതിനു ശേഷവും വാവ് ഉണ്ടായിരുന്നതിനാല്‍ വൈകി എത്തിയവര്‍ക്കും വടാപൂജ അര്‍പ്പിക്കാനായി.
ഇക്കുറി 40,000 ഓളം പേരാണ് ക്ഷേത്രത്തില്‍ എത്തിയത്. മഹാദേവ ക്ഷേത്രത്തില്‍ വിജയരാജ് എമ്പ്രാന്തിരിയും വിഷ്ണു ക്ഷേത്രത്തില്‍ കൃഷ്ണറാവു എമ്പ്രാന്തിരിയും കാര്‍മികത്വം വഹിച്ചു. അന്‍പത് സഹ കാര്മികളും 25 ദേവസ്വം ജീവനക്കാരും ഉണ്ടായിരുന്നു. അഞ്ഞുറു കിലോ അരിയുടെ വടാപൂജയാണ് തയ്യാറാക്കിയത്. ദേവസ്വം ബോര്‍ഡ് അംഗം ഉണ്ണിക്കൃഷ്ണന്റെ മേല്‍നോട്ടത്തിലായിരുന്നു ക്രമീകരണങ്ങള്‍. തിരക്ക് ഒഴിവാക്കാന്‍ അമ്പലക്കടവ് റോഡില്‍ ഗതാഗത നിയന്ത്രിച്ചു. ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്സിന്റേയും വാഹന നിയന്ത്രണത്തിനും ക്ഷേത്രത്തിന്റെ മറ്റു സുരക്ഷയ്ക്കുമായി പനങ്ങാട് പോലീസിന്റെ സേനയും ഉണ്ടായിരുന്നു. ഇ-ടോയ്ലറ്റ് സജ്ജീകരിച്ചിരുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിന്റേയും ക്ഷേത്ര ഉപദേശക സമിതിയുടേയും മേല്‍നോട്ടത്തില്‍ മരുന്ന് കഞ്ഞി, ചുക്കു കാപ്പി എന്നിവ ഭക്തര്‍ക്കു നല്കി.
പൂര്‍ണാ നദിക്കരയിലെ ചമ്പക്കര വൈഷ്ണവ ഗന്ധര്‍വ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന് ബലി തര്‍പ്പണം തുടങ്ങി. നദിക്കരയില്‍ രണ്ടായിരത്തില്പരം പേര് തര്‍പ്പണം നടത്തി. ക്ഷേത്രം മേല്‍ശാന്തി ഇ.എസ്. ബാബു നേതൃത്വം നല്കി.
മരട് പാണ്ഡവത്ത് ശിവക്ഷേത്രം, തിരുഅയിനി ശിവക്ഷേത്രം, മരട് തെക്ക് സുബ്രഹ്മണ്യ ക്ഷേത്രം, മരട് തുരുത്തി ഭഗവതി ക്ഷേത്രം, കുണ്ടന്നൂര്‍ എസ്എന്‍ഡിപി യോഗം മഹാദേവ ക്ഷേത്രം, നെട്ടൂര്‍ സുബ്രഹ്മണ്യ ചൈതന്യ ക്ഷേത്രം, കുമ്പളം തൃക്കോവില്‍ ശിവക്ഷേത്രം, കുമാരാലയം സുബ്രഹ്മണ്യ ക്ഷേത്രം, ലക്ഷ്മീനാരായണ ക്ഷേത്രം, ചേപ്പനം കോതേശ്വരം മഹാദേവ ക്ഷേത്രം, പനങ്ങാട് വ്യാസപുരം ക്ഷേത്രം, പനങ്ങാട് സന്മാര്ഗ സന്ദര്‍ശിനി സഭവക വല്ലീശ്വരക്ഷേത്രം തുടങ്ങി മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: