കാക്കനാട്: മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവരില്‍ സര്‍ക്കാര്‍ ജീവനക്കാരും വരുമാനനികുതി നല്കുന്ന സമ്പന്നരും. തിരിച്ചേല്‍പ്പിച്ച 33 കാര്‍ഡുടമകളുകളുടെ സാമ്പത്തിക ശേഷി അധികൃതരെ ഞെട്ടിച്ചു. ഏക്കറ് കണക്കിന് ഭൂമിയും സ്വന്തമായി വാഹനങ്ങളും ബഹുനില വീടുകളുമുള്ള കാര്‍ഡുടമകള്‍ ഇനിയും മുന്‍ഗണന പട്ടികയിലുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അന്തിമ മുന്‍ഗണന പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള അനര്‍ഹര്‍ പട്ടികയില്‍ നിന്നു സ്വയം പിന്മാറാന് ജില്ലാ ഭരണകൂടം ശനിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. സ്വമേധയ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചവര്‍ 300 കൂടില്ലെന്നാണ് അധികൃതരുടെ കണക്ക്.
2.43 ലക്ഷം മുന്‍ഗണന കാര്‍ഡുകളും 37,668 അന്ത്യോധയ കാര്‍ഡുടമകളുമാണ് ജില്ലയിലുള്ളത്. ഇതില്‍ നല്ലൊരു വിഭാഗം അന്തിമ മുന്‍ഗണന പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. അനധികൃതമായി കാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉടമകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സമ്പന്നര്‍ക്ക് കുലുക്കമില്ല.
മുന്‍ഗണ വിഭാഗത്തിന്റെ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കരസ്ഥമാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സസ്പെന്ഷന്, ഇന്‍ക്രിമെന്റ്, പെന്ഷന് തടയല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് കാത്തിരിക്കുന്നത്. തെറ്റായ വിവരം നല്കി സമ്പന്നര്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയാല്‍ പിഴയും തടവുശിക്ഷയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നവംബര്‍ മുതല്‍ അനര്‍ഹര്‍ മുന്‍ഗണ വിഭാഗത്തിന്റെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ റേഷന്‍ സാധനങ്ങള്‍ക്ക് പൊതുമാര്‍ക്കറ്റിലെ വിലയും ഈടാക്കും. പൊതുമേഖല സ്ഥപനങ്ങളില്‍ ജോലിയുള്ളവരുടെ കുടുംബങ്ങളിലും മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വ്യാപകമായി എത്തിയിട്ടുണ്ടെന്നാണ് ജില്ലാ സിവില്‍ സപ്ലൈസ് നടത്തിയ പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയിട്ടുള്ളത്. അനര്‍ഹര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: