ആലുവ: വാവു ബലിയര്‍പ്പിക്കാന്‍ ലക്ഷങ്ങള്‍ പെരിയാര്‍ തീരത്തെത്തി. തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് തര്‍പ്പണം നടത്തി. അൈദ്വതാശ്രമത്തിലും ബലിതര്‍പ്പണത്തിന് ധാരാളം പേരെത്തി.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച തര്‍പ്പണ ചടങ്ങുകള്‍ ഉച്ചവരെ നീണ്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ മണപ്പുറത്തും മറുകരയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ കീഴില്‍ അദൈ്വതാശ്രമത്തിലുമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. വിവിധ ജില്ലകളില്‍ നിന്നായി ശനിയാഴ്ച്ച രാത്രിയോടെ മണപ്പുറത്തേക്ക് ഭക്തരുടെ പ്രവാഹമായിരുന്നു. ശിവരാത്രി നാളിലെ ബലിതര്‍പ്പണത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇന്നലത്തെ തിരക്ക്. മണപ്പുറത്തും അൈദ്വതാശ്രമത്തിലുമായി ഏകദേശം രണ്ട് ലക്ഷത്തോളം പേര് തര്‍പ്പണം നടത്തിയതായി കണക്കാക്കുന്നു. രണ്ടിടത്തും ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊട്ടാരക്കടവില്‍ നിന്നും മണപ്പുറത്തേക്ക് നടപ്പാലം ഭക്തര്‍ക്ക് ഏറെ സൗകര്യമായി.
മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി മന സുബ്രഹ്മണ്യന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അദൈ്വതാശ്രമത്തില്‍ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തിലാണ് ഭക്തര്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയത്. പൂജാ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പി.കെ. ജയന്തന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മണപ്പുറത്ത് ബലിതര്‍പ്പണത്തിന് 75 രൂപ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരുന്നു. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം മണപ്പുറത്ത് ഒരുക്കിയത് ഭക്തരുടെ ബദ്ധിമുട്ട് കുറച്ചു. പുറമെ ദേവസ്വം നേരിട്ട് ഒരേസമയം 125 പേര്‍ക്ക് തര്‍പ്പണം നടത്താവുന്ന സൗകര്യവും ഒരുക്കിയിരുന്നു. ദേവസ്വം ബോര്‍ഡിലെ 10 ശാന്തിമാരും സഹായികളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അദൈ്വതാശ്രമത്തില്‍ ഒരേ സമയം 300 പേര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് സൗകര്യമുണ്ടായി.
ബലിതര്‍പ്പണത്തോടനുബന്ധിച്ച് റൂറല്‍ എസ്.പി എ.വി. ജോര്‍ജിന്റെയും ഡി.വൈ.എസ്.പി വി.കെ. സനല്‍കുമാറിന്റെയും നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും മതിയായ സുരക്ഷ നടപടികള്‍ സ്വീകരിച്ചിരുന്നു. കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസ് നടത്തിയതും സൗകര്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: