ഓങ്ങല്ലൂര്‍ : പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കെട്ടിക്കിടക്കുന്ന ആക്രിമാലിന്യം നീക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എത്തി.
70 അംഗ സംഘമാണ് ഓങ്ങല്ലൂരിലെത്തിയത്. മുഹമ്മദ് മുഹ്സിന് എംഎല്‍എ., ജില്ല കളക്ടര്‍ പി.മേരിക്കുട്ടി, സബ് കളക്ടര്‍ പി.ബി.നൂഹ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്.
മാലിന്യം കൊണ്ടിട്ട് മൂടപ്പെട്ട കാലന്കുളം, പാമ്പാടി തോട്, മറ്റ് തണ്ണീര്‍ത്തടങ്ങള്‍, ഓങ്ങല്ലൂര്‍ സെന്റര്‍ മുതല്‍ കാരക്കാട് വരെയുള്ള പൊതുനിരത്തുകള്‍ തുടങ്ങിയവയാണ് ശുചീകരിക്കുന്നത്. ജൂലൈ 30നകം ഓങ്ങല്ലൂരിലെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ആക്രിസാധനങ്ങള്‍ മുഴുവനായും നീക്കം ചെയ്യണമെന്നാണ് ഏഴിന് നടന്ന അവലോകന യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
റവന്യു അധികൃതര്‍, ജനപ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, അങ്കണവാടി അധ്യാപകര്‍, ഐ.എ.എസ്. പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍, വിവിധ ക്ലബ്ബുകള്‍, സ്ക്രാപ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, യുവജന സംഘടന ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരും ശുചീകരണ പ്രവൃത്തികള്‍ക്കൊപ്പം ചേര്‍ന്നു. ശുചീകരണത്തില്‍ പങ്കാളികളാവുന്നവര്ക്കുള്ള ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് സ്ക്രാപ്പ് മെര്‍ച്ചന്റ്സ് അസോസിയേഷനായിരുന്നു.
എംഎല്‍എയും, കളക്ടറും, സബ് കളക്ടറുമെല്ലാം ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. ശുചീകരണത്തിലൂടെ ശേഖരിക്കുന്ന മാലിന്യം വിവിധ ഏജന്‍സികള്‍ വഴി വിവിധയിടങ്ങളിലേക്ക് കയറ്റിയക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: