കാസര്‍കോട്: നീലേശ്വരം നഗരസഭയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ കോട്ടപ്പുറം സി എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ വികസനത്തിന് മതിയായ ഭൂമി ഇല്ലെന്നിരിക്കെ സ്കൂളിന് സമീപത്ത് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിയേറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കാനുള്ള നീ ക്കം വിവാദമാകുന്നു.
കെട്ടിടം നിര്‍മ്മാണം ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടും സ്ഥലമില്ലാത്തതിന്റെ പേരില്‍ തുടര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയാതിരിക്കെ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്തെ 40 സെന്റ് പുറമ്പോക്ക് ഭൂമിയില്‍ തിയേറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതാണ് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. തിയേറ്റര്‍ കോംപ്ലക്സ് അനുവദിച്ചുകൊണ്ടുള്ള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉത്തരവ് കഴിഞ്ഞ ദിവസം നഗരസഭക്ക് ലഭിച്ചു.
പൊതുവിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് ആരോപണമുണ്ട്. സ്കൂള്‍ പരിസരത്ത് തിയേറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് കോട്ടപ്പുറം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ഭീമഹരജി കഴിഞ്ഞ ദിവസം നഗരസഭ ചെയര്മാന് പ്രൊഫ. കെ.പി.ജയരാജന് നല്കുകയുണ്ടായി.
നിലവില്‍ പരിമിതികള്‍ മൂലം വീര്‍പ്പുമുട്ടുന്ന കോട്ടപ്പുറം സ്കൂളിന് റീ/സ. നമ്പര്‍ 521ല്‍ 64 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ 10 സെന്റ് സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് വാങ്ങിച്ചതാണ്. അവശേഷിക്കുന്ന ഭൂമി കൂടി സ്കൂള്‍ വികസനത്തിനായി അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈ അപേക്ഷ നിലനില്‍ക്കെയാണ് ഈ സ്ഥലത്ത് സിനിമാ തിയേറ്റര്‍ നിര്‍മ്മിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. 750ഓളം കുട്ടികളും 42ഓളം അധ്യാപക അധ്യേപകേതര ജീവനക്കാരുമാണ് സ്കൂളില്‍ ഇപ്പോഴുള്ളത്. നഗരസഭക്കകത്തെ ഏക സര്‍ക്കാര്‍ വിദ്യാലയം ജൂനിയര്‍ കോളേജായി ഉയര്‍ത്തപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കെ ആ സാധ്യത അട്ടിമറിക്കാനാണ് നഗരസഭയുടെ നീക്കം.
നീലേശ്വരം കരുവാച്ചേരിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ അഞ്ചാം ബ്ലോക്കില്‍പ്പെട്ട സ്ഥലം മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ് പണിയാനായി വിട്ടുനല്‍കാമെന്ന് കൃഷി വകുപ്പ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ബസ് സ്റ്റാന്റിന് അനുയോജ്യമല്ലെന്നാണ് നഗരസഭയുടെ അഭിപ്രായം.
നഗരമധ്യത്തില്‍ തന്നെ തരിശായി കിടക്കുന്ന ഈ സ്ഥലത്ത് തിയേറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കാമെന്നിരിക്കെ ഉള്‍പ്രദേശമായ കോട്ടപ്പുറത്ത് സ്കൂളിന് സമീപത്ത് തിയേറ്റര്‍ പണിയാനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
സ്പോര്‍ട്സിനും ഗെയിംസിനും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സ്കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്താനുള്ള നീക്കങ്ങള്‍ക്കിടയില്‍ സ്കൂളിന്റെ ചുമതലക്കാരായ നഗരസഭ തന്നെ ഈ നീക്കത്തിന് തടസ്സം നില്‍ക്കുകയാണ്.
കാസര്‍കോട് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നീലേശ്വരത്ത് പണ്ടുകാലം മുതലേ നാല് സിനിമാ തിയേറ്ററുകള്‍ ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഇവ നാലും അടച്ചുപൂട്ടിയതോടെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കേരളത്തിലെ തന്നെ തിയേറ്ററുകളില്ലാത്ത ഏക നഗരസഭയായി നീലേശ്വരം മാറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: