പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവുനായക്ക് പേവിഷബാധയുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കടിച്ച നായയെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷബാധയുണ്ടെന്ന വിവരം കിട്ടിയത്. പെരുമ്പാവൂര്‍ നഗരസഭ അധികൃതരും ആരോഗ്യ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച വാഴക്കുളം മുതല്‍ പട്ടാല്‍ വരെയുള്ള വഴിയാത്രക്കാരെയാണ് നായ ആക്രമിച്ചത്. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി അടക്കം 20 പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലക്കാരും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കും നായയുടെ കടിയേറ്റു. നായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏവരും ജാഗ്രത പാലിക്കണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കി. പരിക്കേറ്റ മുഴുവന്‍ ആളുകളും കുത്തിവയ്പ്പ് അടിയന്തിരമായി എടുക്കണം. തുടര്‍ചികിത്സക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സഹായം തേടണം. ചികിത്സകള്‍ നടത്തുന്നതിന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടണം. വളര്‍ത്തുനായകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ അസ്വഭാവിക പ്രതികരണം കണ്ടാല്‍ മൃഗഡോക്ടറെ വിവരം അറിയിക്കണമെന്നും അരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: