പള്ളുരുത്തി: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാനമായ മാസ് മത്സ്യത്തിന് വില താഴ്ന്നു. കടല്‍ മത്സ്യം ഉണക്കിയ ശേഷം വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. മത്സ്യവില താഴ്ന്നതോടെ തൊഴിലാളികള്‍ ദുരിതത്തിലായി.
ദ്വീപില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഇടപെട്ടാണ് സൊസൈറ്റി വഴി ശേഖരിക്കുന്ന മാസ് മത്സ്യത്തിന് ഗ്രേഡ് അനുസരിച്ച് ഉയര്‍ന്ന വില നിശ്ചയിച്ചത്. ഇത് പ്രകാരം വലിയ മത്സ്യത്തിന് കിലോയ്ക്ക് 625 രൂപ വരെ നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ ടണ്‍ കണക്കിന് മാസ് മത്സ്യം തയാറാക്കി സൊസൈറ്റികള്ക്ക്നല്കിയെങ്കിലും പണം ലഭിച്ചില്ല. സൊസൈറ്റികള്‍ ബേപ്പൂര്‍ ആസ്ഥാനമായുള്ള ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഇവ കൈമാറിയിട്ടുണ്ട്. എന്നാല്‍, പണം ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. മത്സ്യത്തിന് വിലയിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
ബോട്ട് ഉടമകളില്‍ നിന്നും ശേഖരിക്കുന്ന മാസ് മത്സ്യം ഫെഡറേഷന് കൈമാറുമ്പോള്‍ പകുതി തുകയും, മീന്‍ ശ്രീലങ്കയിലെത്തുമ്പോള്‍ ബാക്കി തുകയും നല്‍കുമെന്നാണ് സൊസൈറ്റി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നത് .എന്നാല്‍ വിതരണം ചെയ്ത മത്സ്യത്തിന് പണം ലഭിക്കാത്തതിനാല്‍ ശേഷം പിടിച്ചുണക്കിയ മാസ് കൈമാറിയിട്ടില്ല. ടണ്‍ കണക്കിന് മാസ് മല്‍സ്യമാണ് ഇങ്ങനെ നശിക്കുന്നത്. അധികൃതര്‍ പ്രശ്ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: