പാലക്കാട്: സെപ്റ്റംബര്‍ ഒന്നുമുതല്‍ നഗരസഭ വീടുകളില്‍ നിന്നും ജൈവമാലിന്യം എടുക്കില്ലെന്ന തീരുമാനം കര്‍ശനമായി നടപ്പിലാക്കുമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം.
സ്വന്തം വീടുകളില്‍ നിന്നുള്ള മാലിന്യം അവരവരുടെ ഉത്തരവാദിത്വമാണ്.ജൈവമാലിന്യം അവരവര്‍ തന്നെ സംസ്കരിക്കുന്ന രീതി ഘട്ടം ഘട്ടമായാണ് നഗരസഭ നടപ്പിലാക്കുക. ഇതിന്റെ തുടക്കമെന്ന നിലയിലാണ് വീടുകളില്‍ നിന്നും സെപ്റ്റംബര്‍ ഒന്നു മുതല്‍ മാലിന്യം സ്വീകരിക്കല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
വീടുകളിലും ഫ്ളാറ്റുകളിലും അനുയോജ്യമായ ഉറവിട മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ശുചിത്വമിഷന്റെ അംഗീകൃത സേവനദാതാക്കളെ പങ്കെടുപ്പിച്ച് 26,27 തിയതികളില്‍ ടൗണ്‍ഹാളില്‍ ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.
നഗരസഭാപരിധിയിലുള്ള അയ്യായിരത്തില്‍ താഴെ വീടുകളില്‍ നിന്നാണ് കുടുംബശ്രീ യൂണിറ്റുകള്‍ ജൈവമാലിന്യം ശേഖരിച്ചിരുന്നത്. ഉറവിടമാലിന്യസംസ്കരണത്തിനായി വീടുകളില്‍ സ്ഥലമുള്ളവര്‍ക്ക് റിംഗ് കമ്പോസ്റ്റും സ്ഥലമില്ലാത്തവര്‍ക്കും ഫ്ളാറ്റ് നിവാസികള്‍ക്ക് വീടിനകത്തുതന്നെ വയ്ക്കാവുന്ന തരത്തിലുള്ള ബക്കറ്റ് കമ്പോസ്റ്റിങും ഉപയോഗിക്കാം.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ശില്പശാലയില് പരിചയപ്പെടുത്തുമെന്ന് നഗരസഭാ സെക്രട്ടറി രഘുരാമന് അറിയിച്ചു. പ്രസ്തുത പദ്ധതിയ്ക്കായി 750-1500 രൂപ വരെയാണ് ചെലവ്. ഇതിന് സബ്സിഡി ഉണ്ടായിരിക്കുന്നതല്ല. ഉറവിടമാലിന്യസംസ്ക്കരണ രീതി നടപ്പിലാക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മാലിന്യസംസ്കരണത്തിനായി ഏറോബിക് മാതൃക, തുമ്പൂര്‍മുഴി പോലുള്ളവ നടപ്പിലാക്കും. ആറ് ഹെല്‍ത്ത് ഡിവിഷന് പരിധികളിലും ഓരോന്ന് വീതമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 40 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
ഉറവിടമാലിന്യസംസ്കരണരീതി നടപ്പിലാക്കാന്‍ സാധിക്കാത്തവര്‍ സ്വന്തം നിലക്ക് ജൈവമാലിന്യം ഏറോബിക് മാലിന്യസംസ്കരണകേന്ദ്രത്തിലേക്ക് എത്തിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ പിഴയും പോലീസ് നടപടികളും നേരിടേണ്ടി വരും.
14 ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് തുക കണ്ടെത്തി നഗരത്തില്‍ ഏറ്റവുമധികം മാലിന്യം നിക്ഷേപിക്കുന്ന പത്തുസ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, സി.െഎ, നഗരസഭ ചെയ്പേഴ്സണ് തുടങ്ങിയവര്‍ക്ക് ഓഫീസില്‍ ഇരുന്നുതന്നെ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
ഉറവിടമാലിന്യസംസ്കരണസംവിധാനം നിലവില്‍ വരുന്നതോടെ കുടുംബശ്രീ സിറ്റി ക്ലീനിങ് യൂണിറ്റുകളിലെ അംഗങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാവുകയില്ല. ഇവര്‍ വീടുകളില്‍ നിന്നും നഗരസഭ നിശ്ചയിക്കുന്ന നിരക്കില്‍ അജൈവമാലിന്യം സ്വീകരിക്കും.
സെപ്തംബര്‍ ഒന്നുമുതല്‍ നഗരസഭയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് അംശമുള്ള നോണ്‍ വോവന്‍ ക്യാരി ബാഗുകളുടെയും നിരോധനം പ്രാവര്‍ത്തികമാക്കാന്‍ തുണിസഞ്ചികളുടെ ഉപയോഗം വ്യാപിപ്പിക്കും. 45,000 വീടുകളിലേക്ക് ആദ്യത്തെ തവണ തുണിസഞ്ചി സൗജന്യമായി നല്‍കും. തുണിസഞ്ചി നിര്‍മ്മിക്കുന്നതിനുള്ള തുണി, തുന്നുന്നതിനുള്ള സൂചി, നൂല് എന്നിവയും നഗരസഭ കുടുംബശ്രീകാര്‍ക്ക് നല്‍കും. തയല്‍ മെഷീന് ഉള്ളവര്‍ക്ക് ഇത് തുന്നി നല്‍കാം. ഒരു തുണിസഞ്ചിയ്ക്ക് രണ്ട് രൂപ നിരക്കിലാണ് കുടുംബശ്രീയില്‍ നിന്ന് വാങ്ങുകയെന്നും സെക്രട്ടറി പറഞ്ഞു.
മുനിസിപ്പല്‍ സ്റ്റാന്റിലെ പൊളിച്ച മതില് ഗ്രില്വച്ച് അടച്ചതായി ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍ അറിയിച്ചു. നിയമാനുസൃതമല്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് റാംനാഥ് കോവിന്ദിന് അഭിനന്ദനക്കുറിപ്പ് അയക്കണമെന്നും നഗരസഭയുടെ 150-ാംവാര്‍ഷിക സമാപനത്തിന് അദ്ദേഹത്തെ ക്ഷണിക്കണമെന്ന കൗണ്‍സിലര്‍ വി.നടേശന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു.
പ്രതിദിനം ടണ്‍കണക്കിന് മാലിന്യമെത്തുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കുന്നതു സംബന്ധിച്ച ഫയല്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് ചെയര്‍പേഴ്സണ്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാവും. ചര്‍ച്ചയില്‍ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കുമാരി,ഭവദാസ്,സൈതലവി,മണി, വി.നടേശന്,ഉദയന്‍,ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: