കല്‍പ്പറ്റ: മടവൂര്‍ സി.എം സെന്ററില്‍ വെച്ച് വയനാട് കെല്ലൂര്‍ സ്വദേശി അബ്ദുല്‍ മാജിദ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും തങ്ങളുടെ അടുത്തെത്തിയിട്ടില്ല. സ്ഥാപനത്തില്‍ നിന്നും ആരും ഇതുവരെ മരണപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാത്തതും ദുരൂഹതകള്‍ക്കിടയാക്കുന്നുണ്ട്. തന്റെ മകന് തലേന്ന് രാത്രിയില്‍ തന്നെ എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പിതാവ് മമ്മുട്ടി സഖാഫി പറഞ്ഞു. തന്റെ മകന് എങ്ങിനെ മരിച്ചുവെന്ന് അറിയാനുള്ള തന്റെ അവകാശത്തിനെങ്കിലും അധികൃതര്‍ വില കല്പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9.30നാണ് കുട്ടിക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് ഫോണ്‍ വന്നത്. ഉടന്‍തന്നെ തങ്ങള്‍ അങ്ങോട്ട് പുറപ്പെട്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്താനായിരുന്നു സ്ഥാപനത്തില്‍ നിന്ന് നല്കിയ നിര്‍ദേശം. രാവിലെ 7.30ന് മാജിദിന് കുത്തേറ്റിട്ടും അധികൃതര്‍ വിവരമറിയിച്ചത് 9.30നാണ്. കുത്തേറ്റിട്ടും കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടില്ല. തൊട്ടടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുണ്ടായിട്ടും സമീപത്ത് തന്നെ ആംബുലന്‍സ് സൗകര്യം ഉണ്ടായിട്ടും ഇതൊന്നും ഉപയോഗപ്പെടുത്താതെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതിലും ദുരൂഹതയുണ്ട്. മുഖ്യമന്ത്രി, ഡി.ജി.പി അടക്കമുള്ളവര്‍ക്ക് തങ്ങള്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാരണങ്ങളെല്ലാം മുന്‍നിര്‍ത്തി നാട്ടുകാരും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി വരുന്ന ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കുന്നമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബന്ധു മൊയ്തു മലബാരി, ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി ജനൈസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി സിദ്ധിഖ്, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് മൊയ്തീന് കൂവപറമ്പ്, ടി മുഹ്സിന തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: