കരുവാരകുണ്ട്: കേരളാ എസ്റ്റേറ്റ് വില്ലേജിലെ അഞ്ച് ബ്ലോക്കുകളില്‍ റവന്യൂവകുപ്പ് രജിസ്ട്രേഷന്, പോക്കുവരവ് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആയിരത്തിലധികം കുടുംബങ്ങള്‍ ദുരിതത്തില്‍. ചില ബ്ലോക്കുകളില്‍ നികുതിയും സ്വീകരിക്കുന്നില്ല. ഇതിന് പുറമെയാണ് തണ്ടപ്പേര് തടഞ്ഞുകൊണ്ടുള്ള പുതിയ നിര്‍ദേശം കൂടി വന്നിരിക്കുന്നത്. എസ്റ്റേറ്റ് ഭൂമി മുറിച്ചു വില്‍ക്കുന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് കേരള എസ്റ്റേറ്റ് വില്ലേജിലെ 152, 155, 156, 157 ബ്ലോക്കുകളിലെ രജിസ്ട്രേഷനും പോക്കുവരവും തടഞ്ഞു കൊണ്ടുള്ള നിര്‍ദേശം ഒരിടവേളയ്ക്ക് ശേഷം വീണ്ടും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്.
ബ്ലോക്ക് 132 ലെ 60 ഏക്കറിലധികം വരുന്ന ഭൂമിയുടെ നികുതി എടുക്കാതായിട്ട് വര്‍ഷങ്ങളായി. നീണ്ട സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിച്ച പ്രശ്നമാണ് വീണ്ടും രൂക്ഷമായിരിക്കുന്നത്. തോട്ടം തൊഴിലാളികളുള്‍പ്പെടുന്ന നിര്‍ധന കുടുംബങ്ങളാണ് ഈ അനാവശ്യ ഉത്തരവിന്റെ കെടുതി വര്‍ഷങ്ങളായി അനുഭവിക്കുന്നത്.
ഭൂപരിഷ്കരണ നിയമ പ്രകാരം ഇളവനുവദിക്കപ്പെട്ട കേരള എസ്റ്റേറ്റ് തോട്ടഭൂമി മുറിച്ചു വില്‍ക്കാനോ തരംമാറ്റാനോ പാടില്ല. മുറിച്ച് വില്‍പ്പന തടയാനായി തോട്ടഭൂമി ഉള്‍പ്പെടുന്ന ബ്ലോക്കുകളില്‍ ഭൂമി രജിസ്ട്രേഷന് ഈയിടെ തണ്ടപ്പേര് നിര്‍ബന്ധമാക്കിയിരുന്നു. തോട്ടഭൂമിക്ക് വില്ലേജ് അധികൃതര്‍ തണ്ടപ്പേര് നല്കാന് തയ്യാറാവുന്നുമില്ല. എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്ക്കുന്നുവെന്നാരോപിച്ച് 2013ല്‍ റവന്യൂ വകുപ്പിന് ചിലര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് രജിസ്ട്രേഷന് തടയലടക്കമുള്ളവക്ക് റവന്യൂ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ചിരിക്കുന്ന ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ നേടിയ വരുമാനം കൊണ്ട് മൂന്നും അഞ്ചും സെന്റ് ഭൂമി സ്വന്തമാക്കി വീടുവെച്ച് താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് നിയന്ത്രണം ഇരുട്ടടിയായത്. ഈ കുടുംബങ്ങള്‍ക്ക് അവരുടെ പുരയിടം അന്യാധീനപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുടുംബ സ്വത്ത് ഭാഗം വെക്കാനും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ നേടാനും പെണ്മക്കളുടെ വിവാഹം നടത്താന്‍ പോലും ഈ കുടുംബങ്ങള്‍ക്ക് സാധിക്കുന്നില്ല.രജിസ്ട്രേഷന്, പോക്കുവരവ് നിരോധനമാണ് ഇതിന് തടസ്സമാകുന്നത്.
രജിസ്ട്രേഷന്തണ്ടപ്പേര് നിര്‍ബന്ധമാക്കിയുള്ള പുതിയ ഉത്തരവ് വന്നപ്പോള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. എസ്റ്റേറ്റ് ഭൂമിയെന്ന ആശങ്കയുള്ളതിനാല്‍ വില്ലേജ് അധികൃതര്‍ ആര്‍ക്കും തണ്ടപ്പേര് നല്കാതായി. ഇതോടെ അഞ്ച് ബ്ലോക്കുകളിലെയും വസ്തു കൈമാറ്റം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നിയമസഭയില്‍ വരെ കേരള എസ്റ്റേറ്റ് വിഷയം ചര്‍ച്ചയായതാണ്.
തൊഴിലാളി കുടുംബങ്ങളെയും കര്‍ഷകരെയും ബാധിക്കുന്ന വിഷയത്തില്‍ റവന്യൂ മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി 25ന് വില്ലേജ് ഓഫീസ് ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: