കൊച്ചി: ഷാഡോ പോലീസാണെന്ന് പറഞ്ഞ് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പാലാരിവട്ടം തമ്മനം ശാന്തിപുരം കോളനിയില്‍ പുത്തന്‍വീട്ടില്‍ സിജു (40), ശാന്തിപുരം കോളനിയില്‍ മൈലടുംതറയില് ജോസി(39), ശാന്തിപുരം പള്ളിപ്പറമ്പില്‍ റെജീബ്(27), അരൂര്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് കൃഷ്ണന് നിവാസില്‍ ഗിരീഷ് (37)എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്.
വര്‍ക്കല സ്വദേശി അന്‍വറിനെ കലൂര്‍ ജംഗ്ഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. തമ്മനം ശാന്തിപുരം കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം.
അറസ്റ്റിലായ സിജുവിന്റെ സഹോദരിയുടെ മകന് ശ്രീക്കുട്ടനെ ഒന്നര കിലോ കഞ്ചാവുമായി രണ്ടാഴ്ച മുമ്പ് പോലീസ് പിടികൂടിയിരുന്നു. ഈ വിവരം ചോര്‍ത്തി നല്‍കിയത് അന്‍വറിന്റെ പരിചയക്കാരനായ ഷിന്റോയാണെന്നായിരുന്നു പ്രതികള്‍ കരുതിയത്. ഷിന്റോയെ അന്വേഷിച്ചെത്തിയ സംഘം സുഹൃത്ത് അന്‍വറിനെ പിടികൂടുകയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അന്‍വറിന്റെ പുറത്ത് കല്ലുകൊണ്ട് ഇടിച്ചതായും പോലീസ് പറഞ്ഞു.
വധശ്രമം, പിടിച്ചുപറി എന്നിവ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സിജുവും ജോസിയും. റെജീബ്, ഗിരീഷ് എന്നിവരുടെ പേരില്‍ അടിപിടി കേസുകളുണ്ടെന്ന് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: