വാളയാര്‍ : മുപ്പത്തിയഞ്ചു വര്‍ഷത്തോളമായി ഡാം റോഡില്‍ കുടില്‍ കെട്ടി താമസിക്കുന്ന അഞ്ചു കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍. റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സ്ഥലം ഒഴിപ്പിക്കാന്‍ നടപടിയിലേക്കു നീങ്ങുന്നതിനിടെയാണ് ഇവര്‍ ‘പെരുവഴിയിലാകുന്നത്’.
ആറുമാസം മുന്‍പ് ജില്ലാ കലക്ടര്‍ക്ക് കുടുംബങ്ങള്‍ സങ്കട ഹര്‍ജി നല്‍കിയെങ്കിലും തുടര്‍ നടപടി അന്വേഷണമോ ഉണ്ടായില്ല.
പരാതി താലൂക്ക് ഓഫിസര്‍ക്കും വില്ലേജിനും കൈമാറിയെന്നാണ് കലക്ടറുടെ ഓഫിസില്‍ നിന്നുള്ള മറുപടി. എന്നാല്‍ ഇതു സംബന്ധിച്ച് പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ നിന്ന് അന്വേഷണം പോലും നടത്തിയിട്ടില്ല.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പലരും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരാണ്. ഒട്ടുമിക്കയാളുകളും കൂലിപ്പണിക്കാരാണ്. തിരിച്ചറിയല്‍ രേഖയും റേഷന്‍ കാര്‍ഡും സ്വന്തമായി ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഒഴിപ്പിക്കപ്പെട്ടാല്‍ ഇവിടെയുള്ളവരുടെ പലരുടെയും ജോലി നഷ്ടപ്പെടുന്നതോടപ്പം കുട്ടികളുടെ വിദ്യാഭ്യാസവും ഇല്ലാതാകും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കണമെന്ന ഇവരുടെ ആവശ്യവും പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചു.
സര്‍ക്കാരിന്റെ വികസനത്തിനു തടസ്സം നില്‍ക്കുന്നില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: