മട്ടാഞ്ചേരി: രാജഭരണകാലത്തെ പുരാതന കെട്ടിടങ്ങള്‍ കനത്തമഴയില്‍ തകര്‍ന്നുവീണു. മട്ടാഞ്ചേരി കോടതി കെട്ടിട ഭാഗവും ന്യൂറോഡിലെ ബംഗ്ലാവ് കെട്ടിടവുമാണ് ഇന്നലെ തകര്‍ന്നു വീണത്. മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ പഴയ കോടതി കെട്ടിടത്തിന്റെ ഭാഗികമായുള്ള മതില് ഉച്ചയ്ക്ക് ഒന്നരയോടെ റോഡിലേയ്ക്ക് മറിഞ്ഞുവീണു. ഇതിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രവും തകര്‍ന്നു. ആളപായമില്ല. നവീകരണത്തിന്റെ ഭാഗമായി പൈതൃക കെട്ടിടമായ പഴയകോടതി കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു നീക്കിയതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു മതില്‍ഭാഗം നിലനിര്‍ത്തിയിരുന്നു. ഈ മതിലാണ് തകര്‍ന്നു വീണത്. മട്ടാഞ്ചേരി ന്യുറോഡിലുള്ള ബംഗ്ലാവ് പറമ്പിലെ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ 11 മണിയോടെ തകര്‍ന്നു വീണു. 15 സെന്റ് സ്ഥലത്തെ ഇരുനില കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ നടുത്തളമാണ് ഭാഗികമായി തകര്‍ന്നത്.
വഖഫ് ബോര്‍ഡിനു കൈവശമുള്ള ഈ ബംഗ്ലാവില്‍ പത്ത് കുടുംബങ്ങളിലായി ഏഴുപതോളം പേരാണ് താമസിക്കുന്നത്. പ്രവര്‍ത്തിദിനത്തിലെ പകല്നേരമായതിനാല് വന്‍ അപകടമാണ് ഒഴിവായതെന്ന് താമസക്കാര്‍ പറഞ്ഞു. കുട്ടികള്‍ സ്കൂളിലേയ്ക്കും പുരുഷന്മാര് ജോലിക്കും പോയിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു.
തകര്‍ന്ന കെട്ടിടം ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും കെ.ജെ. മാക്സി എംഎല്‍എയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: