കൊച്ചി: ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പദ്ധതി തയ്യാറാക്കുന്നു. വേമ്പനാട്, കൊച്ചി കായലുകളാണ് ശുചിയാക്കുന്നത്. ഇതിനായി യൂറോപ്യന്‍ ഏജന്‍സിയുടെ സഹായം തേടും. ആശയ രൂപീകരണത്തിനായി ആഗസ്തില്‍ ശില്പശാല നടത്തും. സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാരിത സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണിത്.
വാട്ടര്‍ മെട്രോയുടെ ഭാഗമായി ലോക നിലവാരത്തിലുള്ള മറീന ബോട്ട് ജെട്ടി നിര്‍മ്മിക്കാനുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിലാണ് പുതിയ പദ്ധതിയെക്കുറിച്ച് കെഎംആര്‍എല്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. ലോക നിലവാരത്തിലുള്ള ബോട്ട് ജെട്ടി നിര്‍മ്മിക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) ജിസിഡിഎയും ധാരണാ പത്രം ഒപ്പിട്ടു. ഒരേ സമയം 150 ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള ജെട്ടിയാണ് മറൈന്‍ ഡ്രൈവില്‍ വരിക. 4.5 കോടി രൂപയുടേതാണ് പദ്ധതി. കാത്തിരിപ്പ് മുറി, വാഷ് റൂം, സൗജന്യ വൈഫൈ, ഷോപ്പിംഗ് സൗകര്യം എന്നിവ ബോട്ടുജെട്ടിയിലുണ്ടാകും. യാത്രക്കാര്‍ക്കും വിനോദ സഞ്ചാരിക്കള്ക്കും സുരക്ഷിതമായി മറൈന്‍ഡ്രൈവ് വാക്ക് വേയിലൂടെ സഞ്ചരിക്കാന്‍ തടസമുണ്ടാകാത്ത രീതിയിലാണ് ജെട്ടിയുടെ രൂപകല്പന. വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ചില ഭേദഗതികള്‍ ആവശ്യമുണ്ട്. ബോട്ടുകള്‍, നിര്‍മ്മാണ സാമഗ്രികള്‍, ജെട്ടി ഡിസൈന്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് മാറ്റങ്ങള്‍ വരിക.
കെഎംആര്‍എല്‍ (ഓപ്പറേഷന്‍സ് മെയിന്റനന്‍സ് ആന്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്) ജനറല്‍ മാനേജര്‍ കൊനെയ്ന്‍ ഖാനും ജിസിഡിഎ സെക്രട്ടറി എം.സി. ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പിട്ടത്. ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: