നെടുമ്പാശ്ശേരി: പെണ്‍കുട്ടികള്‍ക്ക് വിദ്യനല്‍കി പ്രാപ്തരാക്കിയ ശേഷം വിവാഹം നടത്താവൂവെന്ന സന്ദേശവുമായി ഹരിയാന സ്വദേശിനി സുനിതാസിങ് ആരംഭിച്ച സൈക്കിള്‍ യാത്ര ജില്ലയിലെത്തി. ജൂലൈ 15ന് കന്യാകുമാരിയില്‍ നിന്നുമാരംഭിച്ച സൈക്കിള്‍ യാത്ര സ്വാതന്ത്ര്യ ദിനത്തില്‍ കാശ്മീരില്‍ അവസാനിക്കും. കാശ്മീരിലെ 18000 അടി ഉയരമുളള പര്‍വ്വതം കയറിയായിരിക്കും യാത്ര അവസാനിപ്പിക്കുക. 30 കാരിയായ ഈ യുവതി ഒറ്റയ്ക്കാണ് യാത്ര നടത്തുന്നത്. ദിവസം 180 കിലോമീറ്റര്‍ വരെയാണ് സൈക്കിള്‍ ചവിട്ടുക.
വിവിധ ആശ്രമങ്ങളിലും യാത്രക്കിടെ പരിചയപ്പെടുന്ന സുഹൃത്തുക്കളുടെ വീടുകളിലുമാണ് രാത്രി താമസം. കേരളത്തിലെത്തിയപ്പോഴാണ് ഭിന്നശേഷിയുളള മലയാളിയായ ജോബി തോമസ് എന്ന ലോക ചാമ്പ്യനായ പഞ്ചഗുസ്തിക്കാരനെക്കുറിച്ച് കേട്ടത്. ഇദ്ദേഹത്തിന്റെ വീട് തേടിപിടിച്ച് സുനിതാസിംഗ് എത്തി. ഒരു രാത്രി ജോബിയുടെ കുടുംബത്തിനൊപ്പം കഴിയുകയും ചെയ്തു.
കൊടിമുടികള്‍ കയറുന്നത്്, കുരുക്ഷേത്ര യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദമെടുത്ത സുനിതാസിങ്ങിന് ആവേശമാണ്. ഇതിനോടകം 18 കൊടുമുടികള്‍ കീഴടക്കിയി. ജപ്പാന് സ്വദേശിയായ കെയിന്‍ നേതൃത്വം നല്കിയ പര്‍വ്വതാരോഹണ സംഘത്തില്‍ സുനിതയുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ദുര്‍ഘടവും അറിയപ്പെടാത്തതുമായ പര്‍വതങ്ങള്‍ കയറുകയെന്നതാണ് ഇനിയുളള അഭിലാഷം. കേരളം വളരെ സ്ത്രീസൗഹൃദ സംസ്ഥാനമാണ്. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ കുറവാണ്. ബാല്യവിവാഹവും അവിടെ സര്‍വ്വസാധാരണമാണ്. ഇതുമൂലം പെണ്‍കുട്ടികള്‍ പലപ്പോഴും വീടുകളില്‍ തളയ്ക്കപ്പെടുകയാണെന്നും സുനിതയ്ക്ക് പരിഭവമുണ്ട്. അതുകൊണ്ടാണ് ഇതിനെതിരെ ഇത്തരമൊരു യാത്ര ലക്ഷ്യമിട്ടത്. സുനിതയുടെ പിതാവ് അതിര്‍ത്തി രക്ഷാ സേനയില്‍ നിന്ന് വിരമിച്ചയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: