കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി വീണ്ടും പോലീസ് കസ്റ്റഡിയില്‍. ആറുവര്‍ഷംമുമ്പ് മറ്റൊരു പ്രശസ്ത നടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് സുനിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം സിജെഎം കോടതി ഉത്തരവായത്. എറണകുളം സെന്‍ട്രല്‍ പോലീസിന്റെ അപേക്ഷയിലാണ് സുനിലിനെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട അഞ്ച് പേരും പോലീസ് കസ്റ്റഡിയിലായി.
തൃശൂര്‍ ചാവക്കാട് പൊന്നിയൂര്‍ക്കുളം കൊട്ടിലിങ്ങന്‍ വീട്ടില്‍ അഷ്‌റഫ് (32), കണ്ണൂര്‍ പയ്യന്നൂര്‍ പടിയോട്ട്ചാല്‍ ഇലവുങ്കല്‍ വീട്ടില്‍ ഇ കെ സുനീഷ് (32), കുന്നത്തുനാട് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന്‍ (27), മഴുവന്നൂര്‍ വാഴക്കുഴിതടത്തില്‍ വീട്ടില്‍ ബിബിന്‍ വി പോള്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ ലഭിക്കുന്നതിനും കോടതിയില്‍ അപേക്ഷ നല്‍കും. സുനീഷാണ് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്നത്. റമദ ഹോട്ടലിലെ പ്രതിനിധിയെന്നു പറഞ്ഞു സിനിമ നിര്‍മാതാവായ ജോണി സാഗരികയെ സമീപിച്ചത് അഷറഫാണ്. എബിന്‍ ടെമ്പോ ട്രാവലറിന്റെ ക്ലീനറും ബിബിന്‍ നടിയുടെ ബാഗുകള്‍ വാഹനത്തിലേക്ക് എടുത്തുവച്ചയാളുമാണ്. കേസിലെ ഒന്നാംപ്രതി സുനിയെ കസ്റ്റഡിയില്‍ ലഭിച്ചതോടെ പ്രതികളെയെല്ലാം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
2011ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനിയെ ചാവക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയില്‍ 17നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
18ന് കാക്കനാട് ജില്ലാ ജയിലിലെത്തി സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ എ അനന്തലാല്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു.
2011 ജനുവരി 5ന് നടന്ന സംഭവത്തില്‍ സുനിയെക്കൂടാതെ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. നടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ടെമ്പോ ട്രാവലര്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയതായാണ് സൂചന. ഇത് കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സുനിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികള്‍ക്ക് സമാനമായ മറ്റ് കേസുകളുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’- സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട്മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനു മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെട്ടു. ആക്രമണത്തിനിരയായ നടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തു. ട്രാവലറില്‍ രണ്ട്‌പേരുണ്ടായിരുന്നതായി നടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: