കല്‍പ്പറ്റ : ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ജില്ലയില്‍ നഴ്സുമാര്‍ സമരം ശക്തമാക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍.
സംസ്ഥാന തലത്തില്‍ നടക്കുന്ന പണിമുടക്ക് സമരത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ 17ന് ആശുപത്രി അധികൃതര്‍ക്ക് അസോസിയേഷന് ഭാരവാഹികള്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 21 മുതല്‍ സമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. പണിമുടക്ക് സംബന്ധിച്ച് യുഎന്‍എയുടെ യൂണിറ്റുകളുള്ള ജില്ലയിലെ ഒന്‍പത് സ്വകാര്യ ആശുപത്രികളിലും നോട്ടീസ് നല്കികഴിഞ്ഞു. മറ്റു ജില്ലകളില്‍ ലഭിക്കുന്ന ശമ്പളം പോലും വയനാട്ടിലെ നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല. 20വര്‍ഷമായി ജോലിയില്‍ തുടരുന്നവര്‍ക്ക് പോലും 6000രൂപ ശമ്പളം നല്കുന്ന സ്ഥാപനങ്ങളുണ്ട്. ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മാനേജ്മെന്റിന്റെ പിഎഫ് വിഹിതവും ഉള്‍പ്പെടുന്നതാണ് ശമ്പളം. ചെറുകിട ആശുപത്രികളില്‍ രണ്ട് ഷിഫ്റ്റുകളിലായി 350 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്.
മിക്കവാറും ആശുപത്രികളില്‍ രാത്രി രണ്ട് ഡ്യൂട്ടി നഴ്സുമാര്‍ മാത്രമാണ് ഉണ്ടാവുക. നഴ്സ് രോഗി അനുപാതം പാലിക്കാനും ആശുപത്രികള്‍ തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന തലത്തില്‍ തീരുമാനിച്ച ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം ഒത്തുതീര്‍ന്നാലും ജില്ലയിലെ ആശുപത്രികള്‍ പ്രതികാര നടപടിയുടെ പേരില്‍ പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കുന്നതുവരെ നഴ്സുമാര്‍ ജോലിക്ക് കയറില്ല. മാനേജ്മെന്റിന്റെ പ്രതികാരനടപടികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എന്‍.കെ.ജാനേഷ്, സി. ബിജു, ഇ.കെ.ധീരജ്, ദിനുമോള്‍ സെബാസ്റ്റ്യന്‍, കെ.വി.വിനോദ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: