പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ബാണാസുസാഗര്‍ അണക്കെട്ടില്‍ ഞായറാഴ്ച്ച രാത്രി കുട്ടതോണി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രണ്ട് കുട്ടതോണികളിലായി ഉണ്ടായിരുന്ന ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേരെ സംഭവദിവസം രാത്രിയില്‍തന്നെ രക്ഷപ്പെടുത്തിയിരുന്നു. തുഷാരഗിരി ചെമ്പുക്കടവ് മണിത്തൊട്ടി മെല്വിന് (34), തരിയോട് സിങ്കോണ തെങ്കാശി പടിഞ്ഞാറെക്കുടിയില്‍ വില്‍സണ്‍ (47) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
നാവികസേനയും രക്ഷാപ്രവര്‍ത്തകരും അണക്കെട്ടില്‍ തിരച്ചില്‍ നടത്തവെ അപകടം നടന്ന സ്ഥലത്തുനിന്നും ഒന്നരകിലോമീറ്ററോളം കിഴക്ക്മാറിയാണ് എട്ടരയോടെ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷം ഇതേഭാഗത്ത് തുരുത്തിന് സമീപത്ത്നിന്നുമായി വില്‍സണിന്റെ മൃതദേഹവും കണ്ടെത്തി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപടകടത്തില്‍പ്പെട്ട കൊട്ടത്തോണിയും കണ്ടെത്തി. ശക്തമായ കാറ്റും മഴയും വകവെക്കാതെ വൈകിട്ട് ഏഴുവരെ ഇവിടെ തിരച്ചില്‍ തുടര്‍ന്നെങ്കിലും സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ കണ്ടെത്താനായില്ല.
നാവികസേനയുടെ പന്ത്രണ്ടംഗ സംഘം, അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിങ്ങ് ടീം, അണ്ടര്‍ വാട്ടര്‍ സെര്‍ച്ചിങ്ങ് ടീം, തുര്‍ക്കി ജീവന് രക്ഷാസമിതി, പ്രദേശവാസികള്‍ എന്നിവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ ഊര്ജ്ജിതമായുണ്ട്. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്ത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: