പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പൊതു മാര്‍ക്കറ്റിലെ ചില വ്യാപാരികള്‍ സോഡക്കുപ്പികളും കോളയും ശീതികരിക്കുന്ന പെട്ടികള്‍ സൂക്ഷിച്ചിരുന്നത് ശുചിമുറികള്ക്കുളളില്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടോയ്ലറ്റ് അടക്കമുളള ശുചിമുറികളിലാണ് ശീതീകരണപ്പെട്ടികള് വച്ചിരുന്നത്. രണ്ടു പെട്ടികളില്‍ നിറയെ സോഡയും ശീതളപാനീയങ്ങളും അടങ്ങുന്ന കുപ്പികള്‍ തണുപ്പിക്കാന്‍ വച്ചിരിക്കുന്നതു കണ്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു. ഇതു പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ഒന്നിന് നടത്തിയ പരിശോധനയില്‍ ശുചിമുറികളില്‍ സവാളകള്‍ നിറച്ച ചാക്കുകള്‍ വച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ കടക്കാര് ഇത് എടുത്തുകൊണ്ട് ഓടുകയായിരുന്നു. അന്ന് വ്യാപാരികളെ താക്കീതു ചെയ്തിരുന്നതാണ്. ഇതിനു പുല്ലുവില പോലും കല്‍പ്പിക്കാതെയാണ് ശീതള പാനീയങ്ങള്‍ അടങ്ങുന്ന പെട്ടികള്‍ ശുചിമുറികളില്‍ സൂക്ഷിച്ചത്. ശുചിമുറിക്കുളളിലും പരിസരവും വൃത്തികേടായി കിടക്കുകയായിരുന്നു. നഗരസഭ കരാര്‍ അടിസ്ഥാനത്തിലാണ് ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
സംസ്ഥാനത്തെ മറ്റൊരു നഗരത്തിലും ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടില്ലെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ആര്. ജയകൃഷ്ണന് നഗരസഭാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്കി. നഗരത്തിലെ രണ്ട് ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. മത്സ്യവും മാംസവും പ്ലാസ്റ്റിക് കവറുകളില്‍ തീയതി രേഖപ്പെടുത്താതെയാണ് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഇറച്ചി ഒന്നിച്ച് സൂക്ഷിക്കുന്നതായും ബോധ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്നും പരിശോധനയില്‍ ബോധ്യമായി.
മാര്‍ക്കറ്റില്‍ തുറന്ന സ്ഥലത്ത് മത്സ്യ വില്‍പ്പന നടത്തരുതെന്ന് കഴിഞ്ഞ പരിശോധനയില്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. മത്സ്യ വില്‍പ്പനയ്ക്കായി പ്രത്യേക സ്റ്റാളുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതു ലംഘിച്ച് ഇന്നലെ തുറന്ന സ്ഥലത്ത് മത്സ്യവില്‍പ്പന നടത്തിയയാളെ ഒഴിപ്പിച്ചു.
ഡി. എം. ഒ സോഫിയാ ബാനു, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ രഘുനാഥക്കുറുപ്പ്, പ്രശാന്ത് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: