സമരമെല്ലാം സിപിഎം ആശാന്മാരുടേതായിരുന്നു. മറ്റുള്ളവരുടേത് സമരമേ ആയിരുന്നില്ല അവര്‍ക്ക്. ഇന്ന് സമരം എന്നുകേട്ടാല്‍ തന്നെ അവര്‍ക്ക് അലര്‍ജിയാണ്. അവര്‍ ഭരിക്കുമ്പോള്‍മാത്രമാണ് ഇങ്ങനെ എന്നുമാത്രം. പക്ഷേ അവര്‍ ഭരിക്കുമ്പോള്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യും. എന്തിനാണെന്നു ചോദിക്കരുത്. എന്തെങ്കിലും അതില്കാണും എന്നു ഭാവനയില്‍ കണ്ടേപറ്റൂ. കൂടെ നില്ക്കുന്ന സഖാക്കളെ പറ്റിക്കാനെങ്കിലും ഒരുപൊടിക്കെ വേണ്ടേ.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സമരം ചെയ്തു തോല്ക്കുകയായിരുന്ന സിപിഎം. അങ്ങനെ സമരംകൊണ്ടു തോല്‍ക്കുന്ന പാര്ട്ടികൂടിയായി സിപിഎം. ഇപ്പോള്‍ സമരത്തിനെതിരെയാണ് സിപിഎം.
കൊടുമ്പിരിക്കൊണ്ട നഴ്സുമാരുടെ സമരത്തില്‍ ആകെ നാണംകെട്ടിരിക്കുകയാണ് സര്‍ക്കാര്‍. പ്രത്യേകിച്ച് സിപിഎം. പൊതുജനവികാരം എതിരായതുകൊണ്ട് നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണിയോഗം കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. സിഐടിയു കാരണമാണ് സമരം പൊളിഞ്ഞതെന്നാണ് ആരോപണം. അങ്ങനെ അത് സര്‍ക്കാരിനേയും തോല്പ്പിക്കുംവിധമെത്തി.
എന്നാല്‍ സര്‍ക്കാരിനു വിരുദ്ധമായ രീതിയിലാണ് ഫലത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജയുടെ നിലപാടുണ്ടായത്. കളക്റ്ററുടെ നടപടിയെ അനുകൂലിക്കുകയായിരുന്നു ശൈലജ. കണ്ണൂര്‍ ജില്ലയിലെ നഴ്സിങ് കോളേജിലേയും സ്ക്കൂളിലേയും അവസാന വര്‍ഷ വിദ്യാര്‍ഥികളും സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് ഹാജരാകണമെന്ന ജില്ലാ കളക്റ്ററുടെ ഉത്തരവ് തള്ളി നഴ്സിങ് വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയുണ്ടായി. ബിജെപിയും സിപിഐയും സമരംചെയ്യുന്ന നഴ്സിങ് വിദ്യാര്‍ഥികളുടെ കൂടെയാണ്.
സമരം ഇപ്പോള്‍ സിപിഎമ്മിന് കീറാമുട്ടിയാണ്. പഴയ സമരപുളകിത വീര്യത്തിനു പകരം ശ്മശാന നിശബ്ദതയും മരവിപ്പുമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഇപ്പോഴുള്ള ആസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: