സിനിമ തിയറ്ററില്‍ വന്നുകാണുന്നവര്‍ കുറഞ്ഞെന്നു സിനിമാക്കാര് പറയുന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രേക്ഷകക്കുറവിനെക്കുറിച്ചു ആശങ്കപ്പെടുന്നത്. നന്നായി ആളുകയറിയിരുന്ന സിനിമയ്ക്കുപോലും ദിലീപിന്റെ അറസ്റ്റോടെയാണ് കുറവുണ്ടായതെന്നു ഇവര്‍. അത്യാവശ്യം കണ്ടിരിക്കാമെന്നു അഭിപ്രായം ഉണ്ടായിരുന്ന മറ്റൊരു ബിഗ് ബജറ്റുപടവും കാണികളുടെ കുറവുകൊണ്ടു പ്രശ്നത്തിലാണ്. ഒരാഴ്ച കഴിയും മുന്‍പേ കൊച്ചിയിലെ പ്രശസ്ത തിയറ്ററില്‍ ചിത്രം കൈവിരലിലെണ്ണാവുന്നവരിലേക്കു ചുരുങ്ങി. തൊട്ടടുത്ത ദിവസങ്ങളില്‍ ഇറങ്ങുന്ന ചിത്രങ്ങളും ആശങ്കയിലാണ്.
പ്രമുഖ ചാനലുകളില്‍ നടന്മാര് അവതരിപ്പിക്കുന്ന കോമഡി ഷോകള്ക്കുപോലും കഴ്ചക്കാര്‍ കുറഞ്ഞെന്നാണ് സൂചനകള്‍. നടന്മാര് ചാനല്‍ ഷോകള്‍ ഉപേക്ഷിക്കുകയാണെന്നും അതല്ല ചാനലുകള്‍ അവരെ വേണ്ടെന്നുവെക്കുകയാണെന്നും കേള്‍ക്കുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് നടന്മാര് ഷോകള്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അവരതു കൈയ്യൊഴിയാന്‍ സാധ്യതയില്ലെങ്കിലും പ്രേക്ഷകര്‍ നിരസിച്ചാല്‍ എന്തുചെയ്യും. അതുമറച്ച്, ചാനലുകള്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാക്കാര്‍ക്കെതിരെ നടത്തുന്ന അവഹേളനത്തില്‍ പ്രതിഷേധിച്ചാണത്രെ സിനിമാക്കാര് ചാനലുകള്‍ വിടുന്നതുപോലും!
നടന് ദിലീപിന്റെ അറസ്റ്റോടെയാണ് സിനിമാരംഗം മുന്‍വിധി ഇല്ലാത്തവിധം പ്രതിസന്ധിയിലായത്.
ജനപ്രിയ നായകന്റെ ക്രിമിനല്‍ സ്വഭാവം പുറത്തുവരികയും മറ്റു പല സിനിമാക്കാരിലേക്കും അന്വേഷണം വ്യാപിക്കുകയും ചെയ്്തതോടെയാണ് സിനിമാക്കാര്‍ക്കെതിരെ അപ്രഖ്യാപിതമായൊരു വിലക്ക് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. എന്നാല്‍ ചാനലുകളും പത്രക്കാരും സിനിമാരംഗത്തെ വലിയ രീതിയില്‍ വിചാരണ ചെയ്യുകയാണെന്നും താരങ്ങള്‍ മാത്രമല്ല താഴെക്കിടയിലുള്ള അനേകരുടെ കുടുംബങ്ങള്‍ ഇതുമൂലം പ്രതിസന്ധിയിലാണെന്നുമാണ് ഇവര്‍ പറയുന്നത്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സിനിമയില്‍ മാത്രമല്ല എല്ലാരംഗത്തും വിഷമതകള്‍ ഉണ്ടാകും. പക്ഷേ സിനിമാക്കാര് പറയുന്നതില്‍ വലിയ ന്യായമില്ല. ഇത്രയുംവലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമയെ അതറിഞ്ഞ് എന്തുകൊണ്ട് ഇത്തരക്കാര്‍ നിശബ്ദരായി വളര്‍ത്തി എന്നതും ചോദ്യമാണ്. ഈ മേഖലയിലെ തോന്ന്യവാസങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇന്നു മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ നിലനില്‍പ്പിനായി ഇതിനെ അറിഞ്ഞുകൊണ്ടു സഹിക്കുകയോ അനുവദിക്കുകയോ ആയിരുന്നുവെന്നുവേണം പറയാന്‍.
സിനിമാക്കാരും ജനപ്രതിനിധികളുമായ മുകേഷ്, ഗണേഷ്കുമാര് തുടങ്ങിയവര്‍ മാധ്യമങ്ങളോട് വളരെ മോശമായാണ് സംസാരിച്ചത്. ഇതിനെതിരെ വലിയ ജനരോഷം ഉയരുകയുണ്ടായി. ജനങ്ങളോട് വിശദീകരിക്കണമെന്ന് കര്‍ക്കശമായി പാര്‍ട്ടിതന്നെ മുകേഷിനോടാവശ്യപ്പെടുകയുണ്ടായി. സിനിമാക്കാര്‍ക്കുമാത്രമായി എന്താണു പ്രത്യേകത.അവര്‍ക്കു പ്രത്യേക അവകാശമുണ്ടോ. സിനിമാക്കാരുടെ കൊള്ളരുതായ്മകള്‍ക്കു മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കണമെന്നാണോ. മാധ്യമങ്ങളില്ലാതെ സിനിമയും താരങ്ങളും വളരുമെന്നുണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: