നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ് നിര്‍വഹിക്കുന്നവര്‍ക്കായുള്ള ഹജ്ജ് ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷനായി. ആഗസ്റ്റ് 12നാണ് ഹജ്ജ് ക്യാമ്പിന് തുടക്കം. 13ന് ആദ്യ വിമാനത്തിന്റെ ഫഌഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള എയര്‍ക്രാഫ്റ്റ് മെയിന്റന്‍സ് ഹാംഗറുകളിലാണ് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കുള്ള താമസസൗക്യം, ശുചിമുറികള്‍, പ്രാര്‍ത്ഥനാഹാള്‍, കാന്റീന്, ഹജ്ജ് കമ്മിറ്റി ഓഫീസ് തുടങ്ങിയവ ഇവിടെ ഏര്‍പ്പെടുത്തും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ക്യാമ്പ് പരിസരത്ത് വിപുലമായ സൗകര്യങ്ങളുണ്ടാകും.
തീര്‍ത്ഥാടകര്‍ക്കുള്ള ബോര്‍ഡിംഗ് പാസ് ക്യാമ്പില്‍ തന്നെ നല്‍കും. പരിശോധന പൂര്‍ത്തിയാക്കിയ ബാഗേജുകള്‍ കേന്ദ്രീകൃതമായി ശേഖരിച്ച് ക്യാമ്പില്‍ നിന്നും നേരിട്ട് വിമാനത്തിലേക്കെത്തിക്കും. ദിവസം മൂന്ന് സര്‍വീസുകള്‍ വരെയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുണ്ടാകുക. അന്തിമഷെഡ്യൂള് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ അമിത് മീണ പറഞ്ഞു. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലാണ് തീര്‍ത്ഥാടകരെ കൊണ്ടുപോകുക.
ഇതിന് മുമ്പ് നടത്തിയ രണ്ട് ഹജ്ജ് ക്യാമ്പുകള്‍ക്ക് സമാനമായ എല്ലാ സൗകര്യങ്ങളും ഇക്കുറിയും ഏര്‍പ്പെടുത്തുമെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കല്‍പ്പറ്റ, പൊന്നാനി എന്നിവിടങ്ങളില്‍ നിന്ന് കെയുആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസുകള്‍ ക്യാമ്പ് വഴി സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കും. തീര്‍ത്ഥാടകര്‍ക്ക് സൗദി റിയാല്‍ നല്‍കുന്നതിന് ബോംബെ മര്‍ക്കന്റൈല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൗണ്ടറും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: