പടിഞ്ഞാറത്തറ :ബാണാസുരസാഗര്‍ അണകെട്ടിന്റെ ദുരന്തമുഖമാണ് തരിയോട് പന്ത്രണ്ടാംമൈലിനോടടുത്തുള്ള അക്കേഷ്യക്കുന്ന്. ഡാമില്‍ ജലസംഭരണം ആരംഭിച്ചതുമുതല്‍ ഇന്നുവരെ എല്ലാവര്‍ഷവും ഇവിടെ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ബാണാസുരസാഗറിലെ മരണതുരുത്തെന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ അക്വേഷ്യക്കുന്നിനെ വിശേഷിപ്പിക്കുന്നത്. തൊട്ടടുത്ത് സ്ഥിരതാമസമാക്കിയ വന വാസികുടുംബങ്ങള് പോലും ഭയപ്പാടോടെയാണ് ഈ പ്രദേശത്തേക്ക് പോകുന്നത്. അടുത്തിടെയായി വന്‍തോതില്‍ പെരുമ്പാമ്പിന്റെ ശല്ല്യവും സ്ഥലത്തുണ്ട്. മഴക്കാലത്തും വേനല്‍കാലത്തും അണകെട്ടില്‍ വെള്ളംകുറഞ്ഞാലും അക്വേഷ്യക്കുന്നിന്റെ പാര്‍ശ്വഭാഗങ്ങളില്‍ ജലനിരപ്പ് താഴാറില്ല. 70 അടിയെങ്കിലും ആഴത്തില്‍ ഇവിടെ വെള്ളമുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വനംവകുപ്പിന്റെ വനവത്ക്കരണത്തില്‍ മുന്‍പ് അക്വേഷ്യ നട്ടുപിടിപ്പിച്ച സ്ഥലമാണിത്. 20 വര്‍ഷമായി ഇവിടെ വെള്ളം കെട്ടികിടപ്പുണ്ടെങ്കിലും അക്വേഷ്യ മരങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തിനില്‍ക്കുന്നുണ്ട്. ഇതുമുലം തോണിയിലോ ചങ്ങാടത്തിലോ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ പ്രയാസമാണ്. കൂടാതെ തണുത്തുറഞ്ഞ കട്ടിയുള്ള ജലാശയമായ ഇവിടെ ബാണാസുരന്‍മലയുടെ ഒരു ഭാഗത്തുനിന്നും ശക്തമായി വീശിയടിക്കുന്ന കാറ്റിന്റെ ശല്ല്യവുമുണ്ട്. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞാണ് കഴിഞ്ഞദിവസം മീന്‍ പിടിക്കാന്‍ പോയ ഏഴുപേരുടെ കൊട്ടത്തോണി മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: