കാസര്‍കോട്: ശ്രീരാമ, രാമ…രാമ ശ്രീരാമചന്ദ്രജയ’ ഇനി ഒരു മാസക്കാലം ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ കൊണ്ട് മുഖരിതമാകും. വറുതി പിടിമുറുക്കുന്ന ആടിമാസമാണ് കര്‍ക്കിടകം. ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസവും. രാമായണ മാസമായാണ് ഇത് ആചരിക്കുന്നത്. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. കര്‍ക്കിടകത്തില്‍ മിതമായ ആഹാരവും ആയുര്‍വ്വേദ മരുന്നുകളും കഴിച്ച് ദേഹശുദ്ധി വരുത്താറുണ്ട്. ഋതുക്കള്‍ക്ക് ചില പ്രത്യേക സ്പന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന വിശ്വാസത്തിലാകാം കര്‍ക്കിടക മാസത്തില്‍ വീടുകളില്‍ രാമായണ കഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പ്പിച്ചത്. സമൃദ്ധിയുടെ പൊന്നിന് ചിങ്ങത്തിനായുള്ള കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടകം. രാമായണ മാസാചരണത്തിന് ക്ഷേത്രങ്ങളിലും വന്‍ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്ധ്യാ സമയങ്ങളില്‍ രാമായണ പാരായണം നടക്കും. വിശേഷാല്‍ പൂജകളും മറ്റ് ചടങ്ങുകളും ക്ഷേത്രങ്ങളില്‍ നടക്കുന്നുണ്ട്.
കാഞ്ഞങ്ങാട്: അടോട്ട് ശ്രീ വനദുര്ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. മഹാകവി പിയുടെ മകന് വെള്ളിക്കോത്ത് വി.രവീന്ദ്രന് മാസ്റ്റര്‍ ദീപം തെളിയിച്ച് രാമായണ പാരായണത്തോടെ ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കുന്നത്ത് നാരായണന് അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണനിര്‍വ്വഹണ സമിതി അംഗങ്ങളായ കുന്നത്ത് നാരായണന്, എന്‍.വി. തമ്പാന് നായര്‍, പി. മോഹന്‍ദാസ്, ടി.കുഞ്ഞികൃഷ്ണന്, സോമകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ വി.എം പുഷ്പകുമാരിയുടെ നേതൃത്വത്തില്‍ രാമായണ പാരായണവും തുടര്‍ന്ന് ഭജനയും നടക്കും. ആഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2ന് രാമായണ പാരായണ മത്സരം, ക്വിസ്സ്, ഭജന ഗാനമത്സരം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: