ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് നാം വരയ്‌ക്കുന്നത്.ഇഷ്ടപ്പെട്ടതില്‍ നിന്നാണ് നാം കവിത രചിക്കുന്നത്. ഒരു നോക്കില്‍ നിന്നോ വാക്കില്‍ നിന്നോ കവിത മാത്രമല്ല കഥയും നോവലുമൊക്കെ പിറന്നെന്നു വരും. ഒരു നിമിഷത്തിന്റെ ആയുസില്‍ നിന്നാവാം എന്നന്നേയ്‌ക്കും നിലനില്‍ക്കുന്ന ഒരു കവിത വിരിയുന്നത്. ഒരു കാഴ്ചയില്‍നിന്ന്…ഒരു ചിത്രത്തില്‍ നിന്ന്… സുന്ദരമായ പ്രകൃതി ദൃശ്യത്തില്‍ നിന്നുമൊക്കെ അനവദ്യ സുന്ദരമായ കവിതകള്‍ ജനിക്കാം
കാടും കടലും പുഴയും തോടും മലയുമൊക്കെ കവിതാ രചനയ്‌ക്കു ഉന്മാദം പകരാം. രാത്രി,പകല്‍,ഒരു മഞ്ഞു തുള്ളി,മഴ…അങ്ങനെ എന്തെല്ലാം വിഷയീഭവിക്കാം കവിതയ്‌ക്ക്. മലയാളത്തിലെ ഏറ്റവും മികച്ച കവിതകളില്‍ ഒന്നാണ് സുഗതകുമാരിയുടെ രാത്രിമഴ. വിവിധ വികാരങ്ങളുള്ള ഒരു മനുഷ്യനായിട്ടാണ് രാത്രിമഴയെ കവയിത്രി പരിണമിപ്പിക്കുന്നത്. ഇരുട്ടത്തുള്ള പതുങ്ങി വരലും തേങ്ങലും മറ്റുംകൊണ്ട് രാത്രിയില്‍ പെയ്ത മഴ എന്തൊക്കെ ആരൊക്കെ ആയിത്തീരുന്നു! ഒരു മഴയെ ഇങ്ങനെയൊക്കെ പരിവര്‍ത്തിപ്പിക്കാന്‍ കവിതയ്‌ക്കേ കഴിയും.
കഥയിലും നോവലിലും ആകുമ്പോള്‍ മഴയെക്കുറിച്ചല്ല എന്തിനെക്കുറിച്ചും വലിയൊരെടുപ്പില്‍ വര്‍ണ്ണിച്ചോ വിവരിച്ചോ എഴുതിപ്പോകാം. മറ്റൊന്നിന്റേയും താങ്ങും തണലും ഇല്ലാതെ പ്രകൃതി ദൃശ്യങ്ങളാല്‍മാത്രം സമൃദ്ധമാണ് പി.കുഞ്ഞിരാമന്‍ നായുടെ കവിത. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചപ്പുള്ളത് പി കവിതകളിലാണെന്നു തോന്നുന്നു. ഇന്നു ഞാന്‍ നാളെ നീ എന്നു ശവപ്പെട്ടിയില്‍ എഴുതിയ വാചകം കണ്ടാണ് ജി മലയാളത്തിലെ ഏറ്റവും നല്ല മരണ കവിത എഴുതിയത്.
ഇന്നു ഞാന്‍ നാളെ നീ എന്ന കവിത വായിച്ചുപോകുമ്പോള്‍ മരണത്തിന്റെ ബാന്റു മുഴക്കം നമ്മുടെ നെഞ്ചില്‍ അടിച്ചുകൊണ്ടേയിരിക്കും. മയക്കോവേസ്‌ക്കിയുടെ കവിതകളില്‍ മരണക്കാഴ്ചകള്‍ അനവധി കയറിയിറങ്ങിപ്പോകുന്നുണ്ട്. ലോര്‍കേയുടേയും നെരൂദയുടേയും കവിതകളില്‍ ചുവപ്പിന്റെയും രക്തത്തിന്റെയും കട്ടയും അയഞ്ഞതുമായ നിറവൈവിധ്യം കാണാം. ഒക്ടോവിയോ പാസിന്റെ ഒരു പുല്‍ക്കൊടി തുമ്പിലെ അടരാന്‍ വെമ്പുന്ന മഞ്ഞുതുള്ളി വായനയില്‍ തുള്ളിക്കൊരുകുടംപോലെ മനസില്‍ നിറയാം.
ഇങ്ങനെ കവിതകള്‍ കാഴ്ചകള്‍കൊണ്ട് ദേശമോ കാലമോ രചിക്കുന്നുണ്ട്.അതു കവിയുണ്ടാക്കുന്ന കവിതയുടെ ദേശ കാലങ്ങളാണെങ്കിലും വായനയില്‍ ഉള്ളില്‍ തറച്ച് സ്വാഭാവികമായൊരു തന്മയായിത്തീരുന്നു. പുതു കവിതകളില്‍ ഇത്തരം കാഴ്ചദേശങ്ങളുടെ പെരുപ്പുകാണാം. ചിലപ്പോള്‍ വലിയ ചിത്രകാരന്മാരുടെ ഒബ്‌സെഷനായ നിറങ്ങളോ ചിത്രങ്ങള്‍ തന്നെയോ ആയി മാറുന്നുണ്ട് കാഴ്ചകള്‍. വാന്‍ഗോഗ്, പിക്കാസോ, റെംബ്രാന്റ് തുടങ്ങിയ മഹാന്മാരായ ചിത്രകാരന്മാരുടെ പ്രിയപ്പെട്ട നിറങ്ങളോ ചിത്രങ്ങളോ ആയിരിക്കാം ചിലപ്പോള്‍ കവിതയ്‌ക്കു കാരണമാകുന്ന കാഴ്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക