ന്യൂദല്‍ഹി: ഇന്നത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലോക്സഭയിലേയും രാജ്യസഭയിലേയും 776 എംപിമാരും 4,120 എംഎല്‍എമാരും അടക്കം 4,896 പേര്‍ക്കാണ് വോട്ടവകാശം. സുരേഷ് ഗോപി അടക്കമുള്ള നോമിനേറ്റഡ് എംപിമാര്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വോട്ട് രേഖപ്പെടുത്താം. പാര്‍ലമെന്റിലെ 62-ാം നമ്പര്‍ റൂമിലും വിവിധ നിയമസഭകളിലെ പ്രത്യേകം തയ്യാറാക്കിയ ബൂത്തുകളിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
എംപിമാര്‍ക്ക് പച്ച നിറത്തിലുള്ള ബാലറ്റ് പേപ്പറും എംഎല്‍എമാര്‍ക്ക് പിങ്ക് നിറത്തിലുള്ള പേപ്പറുമാണ് വോട്ട് രേഖപ്പെടുത്താന്‍ ലഭിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന പ്രത്യേക പേന ഉപയോഗിച്ചു മാത്രമേ വോട്ട് രേഖപ്പെടുത്താവൂ എന്നാണ് നിര്‍ദ്ദേശം. സ്വന്തം പേന ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയാല്‍ അസാധുവാകും. ദല്‍ഹിയിലും വിവിധ നിയമസഭകളിലും വോട്ടെടുപ്പിന്റെ നിരീക്ഷകരായി 33 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിട്ടുണ്ട്.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അടക്കമുള്ള 14 രാജ്യസഭാംഗങ്ങളെ അതാതു നിയമസഭകളില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചിട്ടുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള 41 ലോക്സഭാംഗങ്ങളെ അവരവരുടെ നിയമസഭകളില്‍ വോട്ട് രേഖപ്പെടുത്താനും അനുമതി നല്കി. പാര്‍ലമെന്റില്‍ വോട്ട് ചെയ്യാന്‍ 5 എംഎല്‍എമാര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. നാല് എംഎല്‍എമാരെ മറ്റു നിയമസഭകളില്‍ വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: