കൊളമ്പോ: സെഞ്ചുറിയിലേക്ക് നീങ്ങുന്ന സിക്കന്ദര്‍ റാസയുടെയും അര്‍ധ ശതകം
തികച്ച വാളറുടെ മികവില്‍ സിംബാബ്വെ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ലീഡ് നേടി മുന്നേറുന്നു.
ആദ്യ ഇന്നിങ്ങ്സില്‍ പത്ത് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ അവര്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 252 റണ്‍സ് എടുത്തു. നാലുവിക്കറ്റുകള്‍ ശേഷിക്കെ അവര്‍ക്കിപ്പോള്‍ 262 റണ്‍സ് ലീഡായി.
സിക്കന്തര്‍ റാസ 97 റണ്‍സുമായി കളിക്കളത്തിലുണ്ട്. 57 റണ്‍സ് കുറിച്ച വാളറും പുറത്താകാതെ നില്ക്കുന്നു. രണ്ടു ദിവസത്തെ കളി ശേഷിക്കെ മത്സരഫലം പ്രതീക്ഷിക്കാം. വേര്‍പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ റാസയും വാളറും 107 റണ്‍സ് എടുത്തിട്ടുണ്ട്. തുടക്കത്തില്‍ തന്നെ 59 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ സിംബാബ്വെയെ റാസയും വാളറുമാണ് കരകയറ്റിയത്. വില്ല്യംസും (22), മൂറും (40) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ശ്രീലങ്കയുടെ ഹെറാത്ത് 85 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്ങ്സില്‍ ഹെറാത്ത് അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
നേരത്തെ ഏഴിന് 293 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്സ് പുനരാരംഭിച്ച ശ്രീലങ്ക 346 റണ്‍സിന് പുറത്തായി. സിംബാബ്വെ ഒന്നാം ഇന്നിങ്ങ്സില്‍ 356 റണ്‍സാണെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: