ലണ്ടന്‍: ഓപ്പണര്‍ എല്‍ഗാറിന്റെയും അംലയുടെയും മികവില്‍ ദക്ഷിണാഫ്രക്ക ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിലഭദ്രമാക്കി. ഒന്നാം ഇന്നിങ്ങ്സില്‍ 130 റണ്‍സ് ലീഡ് നേടിയ അവര്‍ മൂന്നാം ദിനം ചായസമയത്ത് നാലു വിക്കറ്റിന് 236 റണ്‍സിലെത്തി നില്ക്കുന്നു. അവര്‍ക്കിപ്പോള്‍ മൊത്തം 366 റണ്‍സിന്റെ ലീഡായി. അംല 87 റണ്‍സും എല്‍ഗാര്‍ 80 റണ്‍സും നേടി.
ഒന്നിന് 75 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നലെ ഇന്നിങ്ങ്സ് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ എല്‍ഗാര്‍ അംലയുമൊത്ത് 135 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റോക്ക്സിന്റെ പന്തില്‍ ആന്ഡേഴ്സണ് പിടിച്ചാണ് എല്‍ഗാര്‍ പുറത്തായത്.
തുടര്‍ന്നെത്തിയ ഡ്യൂപ്ലെസിസുമൊത്ത് അംല നാലാം വിക്കറ്റില്‍ 62 റണ്‍സ് നേടി. സെഞ്ചുറിയിലേക്ക് നീങ്ങിയ അംലയെ മടക്കി ഡാസണാണ് ഈ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഡാസണിന്റെ പന്തില്‍ അംല വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 335 റണ്‍സിന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: