രാജാക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് മകനെ വെടിവച്ച അച്ഛന് അറസ്റ്റില്‍. ഗുരുതരമായി പരിക്കേറ്റ ചിന്നക്കനാല്‍ സൂര്യനെല്ലി വടക്കുംചേരിയില്‍ ബിനു (28)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാക്കി. സംഭവത്തില്‍ ഇയാളുടെ അച്ഛന് അച്ചന്‍കുഞ്ഞാ (55)ണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
കേസില്‍ പോലീസ് ലൈസന്‍സില്ലാത്ത നാടന്‍തോക്കും തിരകളും കണ്ടെത്തി. പരിക്കേറ്റ ബിനുവിനെ ആദ്യം മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊക്കിളിലാണ് വെടിയേറ്റത്. ഇതേത്തുടര്‍ന്ന് എറണാകുളത്തേയ്ക്ക് മാറ്റിയ യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ശാന്തമ്പാറ പോലീസ് പറയുന്നത് ഇങ്ങനെ: റിസോര്‍ട്ട് ജീവനക്കാരനായ അച്ചന്‍കുഞ്ഞിന്റെ ഇളയ മകന്റേത് പ്രണയവിവാഹമായിരുന്നു. അവിവാഹിതനായ ബിനുവിന് തുടക്കം മുതലേ ഈ ബന്ധം ഇഷ്ടമായിരുന്നില്ല. സംഭവ ദിവസം രാത്രി ഇയാള്‍ പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി. ഇത് കണ്ടുനിന്ന പിതാവ് വഴക്കവസാനിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. പ്രകോപിതനായ പിതാവ് ഇതേത്തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് മകന് നേരെ നിറയൊഴിക്കുകയായിരുന്നു.
അതേ സമയം മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ കുടിവെള്ളം ഇല്ലാത്തതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും തുടര്‍ന്നാണ് വെടിവച്ചതെന്നുമാണ് അയല്‍ക്കാര്‍ നല്കുന്ന വിവരം. വഴക്കിനിടെ ബിനു അമ്മയെ ആക്രമിക്കാന്‍ ചെന്നപ്പോള്‍ അച്ഛന് വാക്കത്തിയെടുത്തു, ഉടന്‍ ബിനു വെട്ടുകത്തിയുമായെത്തി, പിന്നീട് വീട്ടുകാര്‍ ഇരുവരെയും പിടിച്ചുമാറ്റി. ബിനുവിനെ വീടിന് പുറത്താക്കി. അച്ഛനെ അടുക്കളയ്ക്ക് അകത്തും. വാതില്‍ തകര്‍ത്തെത്തിയ ബിനുവിനെ അച്ചന്‍കുഞ്ഞ് വെടിവയ്ക്കുകയായിരുന്നെന്നും അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആക്രമണത്തിനു ശേഷം അച്ചന്‍കുഞ്ഞ് ഒളിവില്പ്പോയിരുന്നെങ്കിലും ശാന്തന്‍പാറ എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പ്രതിയെ പിടികൂടുകയായിരുന്നു. തെളിവെടുപ്പ് നടന്നു വരികയാണ്. കൊലപാതക ശ്രമത്തിനും ആംസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: