‘ദേശാഭിമാനികളുടെ രാജാവ്’ എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തോടു ബന്ധപ്പെട്ട കാര്യങ്ങള്‍ പൂരിപ്പിക്കാന്‍ കഴിയാത്ത സമസ്യയായി 71 വര്‍ഷങ്ങള്‍ക്കുശേഷവും അവശേഷിക്കുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ കാട്ടിയ അലംഭാവം അക്ഷന്തവ്യമായ അപരാധം തന്നെയാണ്.
ജനകീയ സമ്മര്‍ദ്ദത്തിനു വഴങ്ങി മൂന്ന് അന്വേഷണ കമ്മീഷനുകളെ ഭാരത സര്‍ക്കാരിന് നിയമിക്കേണ്ടിവന്നു. ഒന്നാമത്തേത് നെഹ്റു നിയമിച്ച ഷാനവാസ് കമ്മീഷന്. ഷാനവാസ് ഖാനും മറ്റൊരു അംഗമായിരുന്ന എസ്.എന്‍. മൊയിത്രയും തെയ്വാനില്‍ 1945 ആഗസ്റ്റ് 18 ലെ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന നേതാജിയുടെ സഹോദരന്, സുരേഷ് ചന്ദ്രബോസ് മറ്റ് രണ്ട് അംഗങ്ങളുടെ അഭിപ്രായത്തോടു യോജിച്ചില്ലെന്ന് മാത്രമല്ല, വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തു. ഷാനവാസ് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും ഭാരതജനത റിപ്പോര്‍ട്ട് നിരാകരിക്കുകയാണ് ചെയ്തത്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ച ജി.ഡി. ഖോസ്ലയെ നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഏകാംഗ കമ്മീഷനായി നിയമിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതായിരുന്നു ടേംസ് ഓഫ് റഫറന്‍സ്. തെയ്വാനില്‍ 1945 ആഗസ്റ്റ് 18 ലെ വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്ന ഷാനവാസ് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ആവര്‍ത്തനം മാത്രമായിരുന്നു ഖോസ്ല കമ്മീഷന് റിപ്പോര്‍ട്ട്.
ഈ വിഷയത്തില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തിയത് മൂന്നാമതായി ഭാരതസര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് എം.കെ. മുഖര്‍ജി കമ്മീഷനാണ് (1999-2005).
അന്വേഷണത്തില്‍ മുന്‍വിധികള്‍ക്കോ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കോ അദ്ദേഹം ഇടംകൊടുത്തില്ല. 1945ല്‍ വിമാനാപകടത്തില്‍ നേതാജി മരിച്ചിട്ടില്ല എന്ന് ജസ്റ്റിസ് മുഖര്‍ജി കണ്ടെത്തി. ബോസിന് റഷ്യയിലേക്ക് തന്ത്രപൂര്‍വം രക്ഷപ്പെടുന്നതിനുവേണ്ടി ജപ്പാന് അധികാരികളും ഹബീബുര്‍ റഹ്മാനുമായി ചേര്‍ന്ന് ഒരുക്കിയ നാടകത്തിന്റെ ഭാഗമായി അരങ്ങേറിയ കല്‍പ്പിത സംഭവമാണ് വിമാനാപകടമെന്ന് സമര്‍ത്ഥിക്കാനാണ് ജസ്റ്റിസ് മുഖര്‍ജി ശ്രമിച്ചത്. എന്നുമാത്രവുമല്ല, ടോക്കിയോവിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ചിതാഭസ്മം നേതാജിയുടേതല്ലെന്നും ഹൃദയാഘാതം മൂലം മരണപ്പെട്ട ‘ഇച്ചിറേ ഒക്കുറ’ എന്ന ജപ്പാന്കാരന് സൈനികന്റേതാണെന്നും അദ്ദേഹം കണ്ടെത്തി. അങ്ങനെയെങ്കില്‍ വര്‍ഷംതോറും 3,67,782 രൂപ വാടകകൊടുത്ത് ഒരു ജപ്പാന്‍കാരന്റെ ചിതാഭസ്മം ഭാരത സര്‍ക്കാര്‍ സൂക്ഷിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയര്‍ന്നു. 2006 മെയ് 17 ന് മുഖര്‍ജി കമ്മീഷന് റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുവന്നു.
അന്നത്തെ സര്‍ക്കാര്‍ മുഖര്‍ജി കമ്മീഷന് റിപ്പോര്‍ട്ട് പാടേ നിരാകരിച്ചു. 1978 സെപ്തംബര്‍ മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി പാര്‍ലമെന്റില്‍ പ്രസ്താവിച്ചതാണ് ഷാനവാസ് കമ്മീഷന്റെയും ഖോസ്ലാ കമ്മീഷന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന്. ഫലത്തില്‍ മൂന്ന് അന്വേഷണ കമ്മീഷനുകളുടെയും കണ്ടെത്തലുകള്‍ക്ക് പ്രസക്തി ഇല്ലാതായിരിക്കുന്നു.
1945 ആഗസ്റ്റ് 18 നുശേഷം നേതാജി നടത്തിയ മൂന്ന് റേഡിയോ പ്രഭാഷണങ്ങളുടെയും അവയുടെ പ്രക്ഷേപണത്തിന്റെയും വിശദവിവരങ്ങള്‍ അടങ്ങിയതാണ് ഒരു ഫയല്‍. നേതാജിയുടെ ആദ്യ പ്രഭാഷണം പ്രക്ഷേപണം ചെയ്തത് 1945 ഡിസംബര്‍ 26 ന് എന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണത്തില്‍ നേതാജി പരാമര്‍ശിച്ച കാര്യങ്ങളും ഫയലില്‍ ഉണ്ട്. ”ഞാന്‍ ഇപ്പോള്‍ ലോകമഹാശക്തികളുടെ സുരക്ഷിതവലയത്തിനുള്ളിലാണ് ജീവിക്കുന്നത്. ഭാരതത്തിനുവേണ്ടി എന്റെ ഹൃദയം എരിയുന്നു. ആസന്നമായ ഒരു മൂന്നാംലോക മഹായുദ്ധത്തിന്റെ നിഴലിലായിരിക്കും ഇനിയും ഞാന്‍ ഭാരതത്തിലേക്ക് വരുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അന്ന് ഭാരതത്തിന്റെ വിമോചന സേനയിലെ പോരാളികളെ വിസ്തരിക്കാന്‍ റെഡ് ഫോര്‍ട്ടില്‍ കോടതി ഒരുക്കിയവരെ വിസ്തരിക്കുന്നത് ഞാനായിരിക്കും.”
1946 ജനുവരി ഒന്നിനാണ് നേതാജിയുടെ രണ്ടാമത്തെ പ്രസംഗം പ്രക്ഷേപണം ചെയ്തത്. ആ പ്രസംഗത്തില്‍, രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാരതം സ്വതന്ത്രമാകുമെന്ന് നേതാജി പറഞ്ഞു, ആസന്നഭാവിയില്‍ തന്നെ ബ്രിട്ടീഷ് സാമ്രാജ്യം തകര്‍ന്ന് തരിപ്പണമാകുമെന്നും, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാനുള്ള സാഹചര്യം ഒരുങ്ങുമെന്നും അദ്ദേഹം പ്രവചിച്ചു. ഗാന്ധിജി യോടുള്ള എല്ലാ സ്നേഹബഹുമാനവും വച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ നേതാജി പറഞ്ഞു, അഹിംസാ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കുകയില്ല ഭാരതം സ്വാതന്ത്ര്യം നേടുന്നത്. ആയിരങ്ങളുടെ ആത്മബലിയും ആത്മാഹുതിയും അതിന് അവശ്യമായിവരും.
മൂന്നാമത്തെ പ്രക്ഷേപണം നടന്നത് 1946 ഫെബ്രുവരിയിലായിരുന്നു. പ്രസംഗം ആരംഭിച്ചത് സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു. ”ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് സുഭാഷ് ചന്ദ്രബോസ്. ജയ് ഹിന്ദ്. ജപ്പാന്റെ പതനത്തിനുശേഷം മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ എന്റെ ഭാരതത്തിലെ സഹോദരന്മാരോടും സഹോദരിമാരോടും സംസാരിക്കുന്നത്. നിങ്ങള്‍ ഭാരതീയര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി പതിക് ലോറന്‍സിനെയും മറ്റ് രണ്ട് ആളുകളെയും ഭാരതത്തിലേക്ക് അയക്കുന്നുണ്ട്. പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ലെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വം എന്നേക്കുമായി ഇന്ത്യയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുക എന്നുള്ളതാണ് ഉദ്ദേശ്യം. ഭാരതത്തിന്റെ ജീവരക്തം ഊറ്റിക്കുടിക്കുന്നതിനുള്ള തന്ത്രങ്ങളായിരിക്കും അത്.”
മൂന്ന് പ്രഭാഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷയങ്ങള്‍ സമഗ്രമായി വിവരിക്കുന്ന ഫയലിന്റെ നമ്പര്‍ ഇവിടെ കുറിക്കുന്നു. File No.870/11/P/16/92/Pol. അടുത്തകാലത്ത് മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഫയലുകളില്പ്പെട്ട ഈ രഹസ്യഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സൂക്ഷിച്ചിരുന്നതാണ്. ഈ ഫയലിലെ പ്രധാന വിവരങ്ങള്‍ ബംഗാള്‍ ഗവര്‍ണറുടെ ഓഫീസില്‍നിന്നും കൈമാറിയതാണെന്ന സൂചനയുമുണ്ട്. പി.സി. കേര് എന്ന പേരുള്ള ഒരു ഉദ്യോഗസ്ഥന് ആര്.ജി. കെയ്സി ബംഗാള്‍ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ വസ്തുതാ നിരീക്ഷണ വിലയിരുത്തല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 31 മീറ്റര്‍ ബാന്‍ഡില്‍ പ്രക്ഷേപണം ചെയ്ത നേതാജിയുടെ പ്രസംഗം പിടിച്ചെടുത്ത് ഒരു കുറിപ്പ് സഹിതം അദ്ദേഹം ഗവര്‍ണര്‍ കെയ്സിക്ക് സമര്‍പ്പിച്ചുവെന്നാണ് ഫയലിലെ സൂചന.
ഈ ഫയലില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു കത്തിനെക്കുറിച്ചും പറയേണ്ടതുണ്ട്. 1946 ജൂലായ് 22 ന്, ഗാന്ധിജിയുടെ സെക്രട്ടറിമാരില്‍ ഒരാളായ കുര്‍ഷിദ് നവറോജി, ലൂയിസ് ഫിഷര്‍ ഗാന്ധിജിക്ക് അയച്ച കത്തിന് മറുപടിയായി അയച്ച കത്തിലെ വിവരങ്ങള്‍ പ്രധാനപ്പെട്ടവയാണ്. കത്തില്‍ എഴുതിയിരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ കൂറ് സത്യത്തില്‍ നേതാജിയോടും ഐഎന്ഒയോടുമാണ്. റഷ്യന്‍ സഹായത്തോടെ നേതാജി ഇന്ത്യയില്‍ എത്തിയാല്‍ ഗാന്ധിജിക്കും നെഹ്റുവിനും എന്നല്ല, കോണ്‍ഗ്രസ് ഉള്‍പ്പെടെ ആര്‍ക്കും ഒന്നിനും നേതാജിക്കെതിരെ പിടിച്ചുനില്ക്കാന് കഴിയുകയില്ല എന്ന കാര്യവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1945 ആഗസ്റ്റ് 18 നുശേഷവും നേതാജി ജീവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച File No.870/11/P/16/92/Pol.
ഇനിയും അറിയാനുള്ളത് നവഭാരത ശില്‍പ്പികളില്‍ പ്രമുഖനായ നേതാജിയുടെ അന്ത്യം എവിടെവച്ച്, എപ്പോള്‍, എങ്ങനെ സംഭവിച്ചു എന്നതുമാത്രമാണ്. സമഗ്രമായ ഒരു അന്വേഷണം നടത്തുന്നതിനുവേണ്ടി ഒരു അന്വേഷണ കമ്മീഷനെ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കണം. മഹാനായ നേതാജിയുടെ തിരോധാനത്തോടു ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും മാറ്റണം. ഇന്ത്യന്‍ ദേശീയതയുടെ മേല്‍ പതിച്ച കളങ്കം കഴുകിക്കളയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: