കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് ആരോപണം.
75ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പിന്നീട് എസ്റ്റിമേറ്റില്‍ അഞ്ചുലക്ഷം കൂട്ടി. പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്ലാനില്‍ പറഞ്ഞിട്ടുള്ള കാര്‍പാര്‍ക്കിംഗ് ഏരിയകളെ ജനസേവന കേന്ദ്രമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഇത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പരാതി ഉന്നയിച്ചിരുന്നു. ബഹുനില കെട്ടിടങ്ങള്‍ പണിയുമ്പോള്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്. സ്വകാര്യ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്കുമ്പോള് പാര്‍ക്കിംഗ് ഏരിയകള്‍ ഇല്ലാത്ത പ്ലാനുകള്‍ക്ക് നഗരസഭ അനുമതി നല്‍കാറില്ല. അതുകൊണ്ട് തന്നെ പല സ്വകാര്യ കെട്ടിടങ്ങളും പാര്‍ക്കിംഗ് ഏരിയകള്‍ കാണിച്ചുകൊണ്ടാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുക.
പിന്നീട് ഇവ ക്രമേണ മുറികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതേ തന്ത്രം തന്നെയാണ് നഗരസഭയുടെ ഭരണസിരാകേന്ദ്രമായ നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും ക്രമക്കേട് കാണിച്ചിരിക്കുന്നത്.
മുനിസിപ്പല്‍ കെട്ടിടത്തിന്റെ പ്ലാനില്‍ കൃത്യമായും പാര്‍ക്കിംഗ് ഏരിയകളായി രേഖപ്പെടുത്തിയ സ്ഥലങ്ങളെയാണ് ഇവ പൂര്‍ണ്ണമായും അടച്ചിട്ട് ജനസേവന കേന്ദ്രമാക്കി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: