സര്‍ക്കാര്‍ ലോ കോളേജുകളിലും ഏഴ് സ്വകാര്യ സ്വാശ്രയകോളജുകളിലും ഇക്കൊല്ലം നടത്തുന്ന ത്രിവത്സര എല്‍എല്‍ബി ഫുള്‍ടൈം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് ആറിന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 24 വരെ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 600 രൂപയാണ്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 300 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 42 ശതമാനവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 40 ശതമാനവും മാര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്കുള്ള പക്ഷം അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. അഡ്മിറ്റ് കാര്‍ഡ് ജൂലൈ 31 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷയില്‍ ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠനത്തിനുള്ള അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലുള്ള 200 ചോദ്യങ്ങളുണ്ടാവും. ഓരോ ശരി ഉത്തരത്തിനും മൂന്ന് മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്കുവീതം കുറയ്ക്കും.
എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമത്തില്‍ കോളേജ് ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകം സൗകര്യം ലഭിക്കും. കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റിലൂടെയാണ് അഡ്മിഷന്. സ്വകാര്യ സ്വാശ്രയ ലോ കോളേജുകളില്‍ സര്‍ക്കാരുമായി പങ്കിടുന്ന മെരിറ്റ് സീറ്റുകളിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അഡ്മിഷന് നടത്തുക.
ഗവണ്മെന്റ് ലോ കോളജുകള്‍ തിരുവനന്തപുരം (ബാര്‍ട്ടണ്‍ഹില്‍) എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണുള്ളത്. ഓരോ കോളേജുകളിലും 100 സീറ്റുകള്‍ വീതമുണ്ട്.
ഇതിനുപുറമെ സ്വകാര്യ സ്വാശ്രയ മേഖലയിലെ ഏഴ് ലോകോളജുകളിലായി 215 സീറ്റുകളും ലഭ്യമാണ്. ആകെ 615 സീറ്റുകളിലേക്കാണ് ത്രിവത്സര എല്‍എല്‍ബി പ്രവേശനം.
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും വിജ്ഞാപനവും www.cee-kerala.org എന്ന വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: