സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ 2017-18 വര്‍ഷത്തെ പോസ്റ്റ് ബേസിക് സ്പെഷ്യാലിറ്റി നഴ്സിങ് ഡിപ്ലോമ പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 250 രൂപ മതി. www.lbscentre.in എന്ന വെബ്സൈറ്റില്‍ നിന്ന് ചെലാന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് കേരളത്തിലെ ഏതെങ്കിലും ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജൂലൈ 17 മുതല്‍ ഫീസ് അടയ്ക്കാം.
ബാങ്കില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍ നമ്പറും എല്‍ബിഎസ് സെന്ററില്‍ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷന് ഐഡിയും ഉപയോഗിച്ച് അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ആഗസ്റ്റ് നാലു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം എല്‍ബിഎസ് സെന്റര്‍ ഡയറക്ടറുടെ തിരുവനന്തപുരം പാളയത്തെ കാര്യാലയത്തില്‍ എത്തിക്കണം.
യോഗ്യത: ബിഎസ്സി നഴ്സിങ്/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്/ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (ജിഎന്‍എം) 50 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. കേരള നഴ്സിങ് ആന്റ് മിഡ്വൈഫറി കൗണ്‍സിലിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുണ്ടാകണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വ്വീസ് ക്വാട്ട സീറ്റുകളിലേക്കുള്ള ഉയര്‍ന്ന പ്രായപരിധി 49 വയസ്. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്കും യോഗ്യതയുള്ളപക്ഷം അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള പ്രത്യേക ഫോറം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ സമര്‍പ്പിക്കണം. 50 % സീറ്റ് സര്വ്വീസിലുള്ളവര്ക്കായി സംവരണം ചെയ്തിട്ടുണ്ട്.
സെലക്ഷന്: നഴ്സിങ് സ്കില്‍ ടെസ്റ്റിലൂടെ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പ്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് നടത്തും.
സ്പെഷ്യാലിറ്റി: തിരുവനന്തപുരം, കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജുകളിലായി പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ കോഴ്സില്‍ ക്രിറ്റിക്കല്‍ കെയര്‍ നഴ്സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്സിങ്, ഓങ്കോളജി നഴ്സിങ്, ന്യൂറോസയന്‍സ് നഴ്സിങ്, കാര്‍ഡിയോ തൊറാസിക് നഴ്സിങ്, നിയോനേറ്റല്‍ നഴ്സിങ്, നഴ്സ് മിഡ്വൈഫറി പ്രാക്ടീഷണര്‍ എന്നിവയാണ് സ്പെഷ്യാലിറ്റികള്‍. ആകെ 62 സീറ്റുകളിലാണ് പ്രവേശനം.
പ്രവേശനം ലഭിക്കുന്നവര്‍ക്കെല്ലാം ഇക്കൊല്ലം മുതല്‍ പ്രതിമാസം 7,000 രൂപ വീതം സ്റ്റൈപ്പന്റ് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. 12 മാസമാണ് കോഴ്സിന്റെ കാലാവധി. ട്യൂഷന് ഫീസ് ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായി മൊത്തം 15,000 രൂപ പഠനകാലയളവില്‍ നല്‍കേണ്ടതുണ്ട്. അതേസമയം 84,000 രൂപ സ്റ്റൈപ്പന്റായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ Admission to Post Basic Diploma Course in Nursing 2017 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്. സമഗ്രവിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: