ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംഭാനില് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വാഹന വ്യൂഹത്തിലെ ഒരു ബസ്സാണ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിച്ചത്.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ബസ്സില്‍ അന്‍പതിലേറെപ്പേരാണ് ഉണ്ടായിരുന്നത്. സൈന്യമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലിക്കോപ്ടറില്‍ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ദിവസങ്ങള്‍ക്കു മുന്‍പാണ് അനന്തനാഗില്‍ ഭീകരര്‍ അമര്‍നാഥ് തീര്‍ഥാടകരുടെ ബസാക്രമിച്ച് എട്ടു പേരെ കൊന്നത്.
ഡ്രൈവര്‍ക്ക് 5 ലക്ഷം നല്കി സോനു
മുംബൈ: ഭീകരാക്രമണം നടക്കുമ്പോള്‍ അത് അവഗണിച്ച് ബസ് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിച്ച ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് പ്രശസ്ത ബോളിവുഡ് ഗായകന് സോനു നിഗം. ആക്രമണത്തില്‍ ഏഴു പേരാണ് മരിച്ചത്. ഡ്രൈവറുടെ സമയോചിത നടപടയില്ലായിരുന്നെങ്കില് കൂടുതല്‍ പേര് കൊല്ലപ്പെടുമായിരുന്നു. ആ ധീരതയെ മാനിച്ചാണ് സമ്മാനം, സോനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: